TMJ
searchnav-menu
post-thumbnail

ചൈനീസ് മന്ത്രി വാങ് യി

TMJ Daily

ട്രംപിന്റെ യുക്രെയ്ന്‍ സമാധാന ശ്രമങ്ങള്‍ പിന്തുണച്ച് ചൈന

21 Feb 2025   |   1 min Read
TMJ News Desk

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുമായി കരാറിലെത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് ചൈന പിന്തുണ പ്രഖ്യാപിച്ചു. യുഎസിന്റെ സഖ്യകക്ഷികള്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോഴാണ് പരമ്പരാഗത ശത്രുവായ ചൈന യുഎസിന് പിന്തുണയുമായി എത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ജി20 യോഗത്തിലാണ് ചൈന പിന്തുണ പ്രഖ്യാപിച്ചത്.

പ്രസിഡന്റ് പദവിയിലെത്തി ഒരു മാസം കൊണ്ട് റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ യുഎസിന്റെ നയം കീഴ്‌മേല്‍ മറിച്ച ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ടെലഫോണ്‍ സംഭാഷണം നടത്തുകയും മോസ്‌കോയെ ഒറ്റപ്പെടുത്താനുള്ള പ്രചാരണം ഇല്ലാതാക്കുകയും ചെയ്തു. യുക്രെയ്‌നെ മാറ്റി നിര്‍ത്തി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ച റഷ്യയും യുഎസും തമ്മിലാക്കുകയും ചെയ്തു.

ട്രംപ് സെലന്‍സ്‌കിയെ ഏകാധിപതിയെന്ന് വിളിക്കുകയും ചെയ്തു. അതേസമയം ഓസ്‌ട്രേലിയ, ജര്‍മ്മനി, യുണൈറ്റഡ് കിങ്ഡം പോലുള്ള ജി20 അംഗങ്ങള്‍ യുക്രെയ്ന്‍ പ്രസിഡന്റിന് പിന്തുണ പ്രസ്താവിക്കുകയും ചെയ്തു.

യുണൈറ്റഡ് സ്റ്റേറ്റ്‌സും റഷ്യയും തമ്മില്‍ അടുത്തിടെ ഉണ്ടായ അഭിപ്രായ ഐക്യം അടക്കം സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളേയും ചൈന പിന്തുണയ്ക്കുന്നുവെന്ന് ജോഹന്നാസ് ബര്‍ഗില്‍ എത്തിയ ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ചൈനീസ് മന്ത്രി വാങ് യി പറഞ്ഞു.

പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിനായി ക്രിയാത്മകമായ പങ്കുവഹിക്കുന്നതിന് ചൈന തയ്യാറാണെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, കഴിഞ്ഞ ആഴ്ച്ച മ്യൂണിക്ക് സുരക്ഷ കോണ്‍ഫറന്‍സില്‍ വച്ച് അദ്ദേഹം നടത്തിയ പ്രസ്താവന ജോഹന്നാസ്ബര്‍ഗില്‍ ആവര്‍ത്തിച്ചില്ല. റഷ്യ-യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട ഏതൊരു സമാധാന ചര്‍ച്ചയിലും എല്ലാ പങ്കാളികളും  പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്‌സും റഷ്യയും തമ്മിലുള്ള ബന്ധം സാധാരണ നിലയില്‍ ആകുന്നതിലും യുക്രെയ്ന്‍ പ്രതിസന്ധിയില്‍ രാഷ്ട്രീയ പരിഹാരമെന്നതിലേക്ക് മാറ്റം ഉണ്ടാകുന്നതിലും ചൈനയ്ക്ക് സന്തോഷമുണ്ടെന്നും ബീജിങ് ഫോറിന്‍ സ്റ്റഡീസ് യൂണിവേഴ്‌സിറ്റിയിലെ യൂറോപ്യന്‍ യൂണിയന്‍ പഠനത്തിന്റെ തലവനായ ക്യൂ ഹോങ്ജിയാന്‍ പറഞ്ഞു.




#Daily
Leave a comment