Representational Image
അരുണാചലിലെ സ്ഥലങ്ങളുടെ പേര് മാറ്റി ചൈന, എതിര്‍ത്ത് തള്ളി ഇന്ത്യ
അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് ചൈന പുനര്‍നാമകരണം ചെയ്തത് തള്ളി ഇന്ത്യ. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും എപ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.
അരുണാചല്‍ പ്രദേശിനു മേലുള്ള അവകാശവാദം വീണ്ടും ഊന്നിപ്പറയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചൈന ഈ 11 സ്ഥലങ്ങളുടെ പുതിയ പേരുകള്‍ പുറത്തുവിട്ടത്. ഇത് മൂന്നാം തവണയാണ് അരുണാചല്‍ പ്രദേശിലെ സ്ഥലപ്പേരുകൾ ചൈന പുനര്‍നാമകരണം ചെയ്യുന്നത്. ഇന്ത്യയുടെ ഭാഗമായ അരുണാചല്‍പ്രദേശ് സൗത്ത് ടിബറ്റ് ആണെന്ന വാദം ഉന്നയിച്ചാണ് ചൈനയുടെ നടപടി. ചൈന, ടിബറ്റന്‍ ലിപികളില്‍ ഈ പുതിയ പേരുകള്‍ ചൈന പുറത്തിറക്കി.
ചൈനയുടെ നീക്കത്തെ ശക്തമായ വാക്കുകളോടെ ഇന്ത്യ തള്ളിക്കളഞ്ഞു. "അത്തരം റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതാദ്യമായല്ല ചൈന ഇത്തരം നടപടികള്‍ക്ക് മുതിരുന്നത്. അരുണാചല്‍ പ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമായിരുന്നു, ഇനിയും അങ്ങനെ തന്നെ ആയിരിക്കും." വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
പേരുകള്‍ മാറ്റിയത് നിയമാനുസൃത നീക്കമാണെന്നും ഇത് ചൈനയുടെ അവകാശമാണെന്നും ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.