
ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ മനുഷ്യ തൊഴിലാളികള്‍ക്ക് പകരമാകില്ല: ചൈനീസ് ഉദ്യോഗസ്ഥന്‍
വന്‍തോതില്‍ തൊഴിലില്ലായ്മയ്ക്ക് കാരണമാകുമെന്നതിനാല്‍ മനുഷ്യരായ തൊഴിലാളികള്‍ക്ക് പകരം ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ടുകളെ ഉപയോഗിക്കില്ലെന്ന് ചൈനീസ് അധികൃതര്‍. ചൈനീസ് സര്‍ക്കാര്‍ ഈ മേഖലയുടെ വികസനത്തിനായി ധാരാളം പണം ചെലവഴിക്കുന്നുണ്ട്.
ബീജിങ് ഇക്കണോമിക്-ടെക്‌നോളജിക്കല്‍ ഡെവലെപ്‌മെന്റ് മേഖലയുടെ ഡെപ്യൂട്ടി ഡയറക്ടറായ ലിയാങ് ലിയാങ് ആണ് ഇക്കാര്യം പറഞ്ഞത്. ഹ്യുമനോയ്ഡ് റോബോട്ടുകള്‍ അവയുടെ സ്രഷ്ടാക്കള്‍ക്ക് പകരമാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ അവ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും അപകടകരമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
റോബോട്ടുകള്‍ മനുഷ്യരെ തൊഴിലില്ലാത്തവര്‍ ആക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും പകരം അവ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും അല്ലെങ്കില്‍ മനുഷ്യര്‍ ചെയ്യാന്‍ മടിക്കുന്ന പ്രവൃത്തികള്‍ അവ ചെയ്യുമെന്നും ലിയാങ് പറഞ്ഞു.
രാത്രിയിലും മനുഷ്യര്‍ വിശ്രമിക്കുമ്പോഴും യന്ത്രങ്ങള്‍ ജോലി ചെയ്യുകയും നമുക്ക് മികച്ചതും വിലകുറഞ്ഞതും കൂടുതല്‍ ഉപയോക്തൃ-സൗഹൃദ ഉല്‍പന്നങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.


