
ചൈന യുഎസ് ഉല്‍പന്നങ്ങള്‍ക്ക് 125 % തീരുവ ഏര്‍പ്പെടുത്തി
ചൈന യുഎസില്‍ നിന്നുള്ള ചരക്കുകളുടെ മേല്‍ 125 ശതമാനം തീരുവ ഏര്‍പ്പെടുത്തി. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ യുഎസ് പ്രസിഡന്റ് ട്രംപ് തീരുവ ചുമത്തിയതിന് തിരിച്ചടിയായിട്ടാണ് ചൈനയും തീരുവ വര്‍ദ്ധിപ്പിച്ചത്. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ 145 ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയത്.
ചൈനയൊഴികെയുള്ള രാജ്യങ്ങളുടെ മേലുള്ള തീരുവകള്‍ ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചത് ആഗോള വ്യാപാര യുദ്ധത്തിന്റെ തീവ്രത കുറച്ചുവെങ്കിലും ചൈനയുടെ തിരിച്ചടി വീണ്ടും ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. ആഗോള വിതരണ ശൃംഖലകളെ കീഴ്‌മേല്‍ മറിക്കുന്ന നടപടികളാണ് ഇരുരാജ്യങ്ങളും സ്വീകരിക്കുന്നത്.
യുഎസില്‍ ബോണ്ടിന്റെ വില ഇടിയുകയും ഡോളര്‍ ദുര്‍ബലമാകുകയും സ്വര്‍ണം റെക്കോര്‍ഡ് വിലയിലേക്ക് കുതിക്കുകയും ചെയ്യുന്നു. വിവിധ രാജ്യങ്ങളുമായി വ്യാപാര കരാര്‍ ഒപ്പിട്ട് കഴിയുമ്പോള്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നാണ് ട്രംപിന്റെ പ്രവചനം. ഓഹരി വിപണികള്‍ കരകയറിയെങ്കിലും വിലക്കയറ്റ, സാമ്പത്തികമാന്ദ്യ ഭീഷണികള്‍ ഒഴിഞ്ഞിട്ടില്ല.
1981നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ ഭീതിയാണ് യുഎസില്‍ നിലനില്‍ക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ പ്രവചിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം, വിപണിയിലെ കൊടുങ്കാറ്റിനെ ട്രംപ് നിസ്സാരവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. ഡോളര്‍ ശക്തിപ്പെടുമെന്നും അദ്ദേഹം പ്രവചിക്കുന്നു. നമ്മള്‍ എന്താണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുമ്പോള്‍ ഡോളറിന്റെ മൂല്യം വര്‍ദ്ധിക്കുമെന്ന് കരുതുന്നതായി ട്രംപ് പറഞ്ഞു. ബോണ്ട് വിപണിയും മികച്ച നിലയിലാണെന്ന് ട്രംപ് പറഞ്ഞു.
നേരത്തെ ബോണ്ട് വിപണിയില്‍ വിറ്റഴിക്കല്‍ പ്രവണത ഉടലെടുത്തിരുന്നു. ആ പ്രശ്‌നം വളരെപ്പെട്ടെന്ന് പരിഹരിച്ചുവെന്ന് ട്രംപ് പറഞ്ഞു. 29 ട്രില്ല്യണ്‍ ട്രഷറി വിപണിയിലെ വിറ്റഴിക്കലിനെ തുടര്‍ന്നാണ് ട്രംപ് തീരുവകള്‍ നടപ്പിലാക്കുന്നത് 90 ദിവസത്തേക്ക് നിര്‍ത്തിവച്ചത്. 75 രാജ്യങ്ങള്‍ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വൈറ്റ് ഹൗസ് പറയുന്നു.


