
ചൈന കാനഡയുടെമേല്‍ തിരിച്ചടി തീരുവ ചുമത്തി
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനീസ് നിര്‍മ്മിത വൈദ്യുത വാഹനങ്ങള്‍ക്കും ഉരുക്ക്, അലുമിനിയം ഉല്‍പന്നങ്ങള്‍ക്കും മേല്‍ കാനഡ തീരുവ ഏര്‍പ്പെടുത്തിയതിന് പകരമായി ചൈന കാനഡയില്‍ നിന്നും കാര്‍ഷിക, ഭക്ഷ്യ ഉല്‍പന്നങ്ങളുടെ മേല്‍ തീരുവ ചുമത്തി. മാര്‍ച്ച് 20 മുതല്‍ ഇത് നിലവില്‍ വരുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പറഞ്ഞു.
ഇതോടെ കാനഡ, മെക്‌സികോ, ചൈന എന്നീ രാജ്യങ്ങളുടെമേല്‍ പുതിയ തീരുവകള്‍ ചുമത്തിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച് നയിക്കുന്ന വ്യാപാര യുദ്ധത്തിന് പുതിയ മുഖം തുറന്നു. ഇത് മറ്റ് രാജ്യങ്ങള്‍ സ്വന്തം വിപണി സംരക്ഷിക്കാന്‍ നടത്തുന്ന നടപടികള്‍ക്ക് ഭീഷണിയാണ്.
കാനഡയില്‍ നിന്നുള്ള റാപ്‌സീഡ് ഓയില്‍, പിണ്ണാക്ക്, പയര്‍ എന്നിവയുടെ ഇറക്കുമതിക്കുമേല്‍ 100 ശതമാനവും മത്സ്യ ഉല്‍പന്നങ്ങള്‍ക്കും പോര്‍ക്കിനും 25 ശതമാനവും തീരുവകള്‍ ഏര്‍പ്പെടുത്തി.
കാനഡ ചൈനയുടെ വൈദ്യുത വാഹനങ്ങള്‍ക്കുമേല്‍ ചുമത്തിയ 100 ശതമാനം തീരുവയും അലുമിനിയം, ഉരുക്ക് ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം ലെവിയും ചുമത്തിയത് ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളെ ഗുരുതരമായി ലംഘിക്കുന്നതാണെന്നും കാനഡയുടെ വിപണിയെ സംരക്ഷിക്കുന്നതിനുള്ള പ്രവൃത്തിയാണെന്നും ചൈനയുടെ നിയമപരമായ അവകാശങ്ങളേയും താല്‍പര്യങ്ങളേയും ഹനിക്കുന്ന വിവേചനപരമായ നടപടികള്‍ ആണെന്നും മന്ത്രാലയം പറഞ്ഞു.
കാനഡയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന. ഒന്നാമത് യുഎസുമാണ്.


