TMJ
searchnav-menu
post-thumbnail

TMJ Daily

ജനനനിരക്ക് കൂട്ടാന്‍ പുതുവഴികള്‍ തേടി ചൈന

15 May 2023   |   2 min Read
TMJ News Desk

ജനനനിരക്ക് കൂട്ടാന്‍ വിവാഹവും പ്രസവവും പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് ചൈന. സൗഹാര്‍ദപരമായി കുട്ടികളെ ജനിപ്പിക്കുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനായി വിവാഹ, പ്രസവ സംസ്‌കാരത്തിന്റെ പുതിയ കാലഘട്ടം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് സര്‍ക്കാര്‍. 20 ലധികം നഗരങ്ങളില്‍ ന്യൂ ഇറ പൈലറ്റ് പ്രോജക്ടുകള്‍ ആരംഭിക്കും.

ചൈനയുടെ ഫാമിലി പ്ലാനിങ് അസോസിയേഷന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. വിവാഹം, ഉചിതമായ പ്രായത്തില്‍ കുട്ടികള്‍ക്ക് ജന്മം നല്‍കല്‍, കുട്ടികളെ വളര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ പങ്കിടാന്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കല്‍, ഉയര്‍ന്ന സ്ത്രീധനം നിയന്ത്രിക്കല്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബീജിങ് ഉള്‍പ്പെടെയുള്ള 20 നഗരങ്ങളില്‍ പദ്ധതി ഇതിനോടകം ആവിഷ്‌കരിച്ചിട്ടുണ്ട്. ഗ്വാങ്ഷൂ, ഹന്‍ഡാന്‍ തുടങ്ങിയ മേഖലകളിലും പദ്ധതി നടപ്പിലാക്കും.

ഒറ്റക്കുട്ടി നയത്തിന്റെ പ്രഹരം

സ്ത്രീകളെ വിവാഹം കഴിക്കാനും കുട്ടികളുടെ ജനനെത്ത പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന നിരക്കിലുള്ള സ്ത്രീധനം പോലെ തന്നെ ചൈനയില്‍ നിലവില്‍ പുരുഷനും കുടുംബവും വലിയ തുക വധുവിന് കൊടുക്കുന്ന ആചാരം പിന്തുടരുന്നുണ്ട്. അത്തരം ആചാരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള വഴികളും ചൈന തേടുന്നുണ്ട്. കുട്ടികള്‍ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി നികുതി ഇളവുകള്‍, ഭവന സബ്‌സിഡികള്‍, മൂന്നാമത്തെ കുട്ടിക്ക് വിദ്യാഭ്യാസ ആനുകൂല്യം എന്നിവ സര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്. അതിനിടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്.

ജനനനിരക്കില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതോടെ നവദമ്പതികള്‍ക്ക് 30 ദിവസം വിവാഹ അവധി അനുവദിച്ച് ഗാന്‍സു, ഷാങ്‌സി അടക്കമുള്ള പ്രവിശ്യകള്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ശമ്പളത്തോട് കൂടിയ അവധിയായിരുന്നു നല്‍കിയത്. 1980 മുതല്‍ 2015 വരെ ഒറ്റകുട്ടി നയമാണ് ചൈനയില്‍ നിലവിലുണ്ടായിരുന്നത്. ഇത് ജനസംഖ്യ കുറയ്ക്കുന്നതിനും 60 വയസ്സിനു മുകളിലുള്ളവര്‍ കൂടുന്നതിനും കാരണമായി. 2021 ല്‍ മൂന്നു കുട്ടികള്‍ വരെ ആകാം എന്ന നിലയിലെത്തി. ജനസംഖ്യാ ഇടിവ് പരിഹരിക്കാന്‍ ഈ നയവും പരാജയപ്പെട്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട ഒറ്റക്കുട്ടി നയം കാരണം അണുകുടുംബമായി നിലകൊള്ളാനാണ് ചൈനീസ് ജനത ആഗ്രഹിക്കുന്നത്. കഴിഞ്ഞ 60 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് ചൈനയില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഷാങ്ഹായ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിന്റെ പഠനമനുസരിച്ച്, ചൈനീസ് ജനസംഖ്യ ഓരോ വര്‍ഷവും ശരാശരി 1.1 ശതമാനം കുറയുമെന്നാണ് റിപ്പോര്‍ട്ട്.

ചൈനയിലെ ജനസംഖ്യയില്‍ 2022 അവസാനം 8.5 ലക്ഷത്തിന്റെ കുറവുണ്ടായി. 95.6 ലക്ഷം കുട്ടികളാണ് ഇക്കാലയളവില്‍ ജനിച്ചത്. മരണമാകട്ടെ 1.41 കോടിയും. ഇതിനുമുമ്പ് 1960 കളുടെ തുടക്കത്തിലാണ് ചൈനീസ് ജനസംഖ്യ കുറഞ്ഞത്. ആധുനിക ചൈനീസ് ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടമായ പട്ടിണി അനുഭവിച്ചപ്പോള്‍. ഗ്രേറ്റ് ലീപ് ഫോര്‍വേഡ് എന്ന മാവോ സെ തൂങിന്റെ കാര്‍ഷിക നയത്തിന്റെ ദുരന്തപര്യവസാനമായിരുന്നു അത്.

സാമ്പത്തിക വളര്‍ച്ചയെ തകിടം മറിക്കും

രാജ്യത്തെ ജനനനിരക്ക് ഉയര്‍ത്തിയില്ലെങ്കില്‍ അത് ഭാവിയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ജനനനിരക്ക് ഉയര്‍ത്തണമെന്ന നിര്‍ദേശം ചൈന പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഒരിക്കല്‍ ജനസംഖ്യ കുറയ്ക്കുന്നതിനുവേണ്ടി ഒറ്റക്കുട്ടി നയം നടപ്പിലാക്കിയ രാജ്യമാണ് ചൈന. എന്നാല്‍ ഇന്ന് രാജ്യം ജനസംഖ്യയെ കുറിച്ച് കടുത്ത ആശങ്കയിലാണ്. അതുകൊണ്ടു തന്നെ ജനനനിരക്ക് കൂട്ടുന്നതിനായി പല വഴികളും തേടുകയാണ് രാജ്യം. ജനസംഖ്യാ നിരക്കിലെ കുറവ് സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുമെന്നും പൊതു ഖജനാവില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.


#Daily
Leave a comment