2030-ഓടെ ചൈന ആണവായുധ ശേഖരത്തിൽ യുഎസിനൊപ്പമെത്തിയേക്കും; റിപ്പോർട്ട്
ആണവായുധ ശേഖരത്തിൽ 2030ഓടെ ചൈന യുഎസിനൊപ്പമെത്തുമെന്ന് റിപ്പോർട്ട്. സ്‌റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം ചൈനയുടെ ആണവായുധ ശേഖരം വർധിച്ചിട്ടുണ്ടെന്നും 2030ഓടെ ഇന്റർകോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണത്തിൽ അമേരിക്കയ്‌ക്കോ റഷ്യക്കോ ഒപ്പമെത്തുമെന്നും റിപ്പോർട്ടിൽ പ്രതിപാദിച്ചു. മാത്രമല്ല, ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിൽ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായതായും റിപ്പോർട്ടിൽ പരാമർശിച്ചു. 2022 ജനുവരിയിൽ ചൈനയുടെ 350 വാർഹെഡുകളുടെ ശേഖരത്തിൽ നിന്ന് 2023 ജനുവരിയിൽ 410 ആയി വർധിച്ചിരിക്കുകയാണ്. വരും വർഷങ്ങളിൽ ഇനിയും വർധിക്കുമെന്നും കണക്കാക്കപ്പെടുന്നു.
ചൈനയുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്റർകോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണത്തിൽ വർധനവുണ്ടായേക്കാം. വരും വർഷങ്ങളിൽ ചൈനയുടെ ആണവായുധ പരിധി അമേരിക്കയ്‌ക്കോ റഷ്യക്കോ ഒപ്പമെത്തുമെന്ന് സംഘടനയുടെ വെപ്പൺസ് ഓഫ് മാസ്സ് ഡിസ്ട്രക്ഷൻ പ്രോഗ്രാമിന്റെ അസോസിയേറ്റ് സീനിയർ ഫെലോയും ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റുകളുടെ (FAS) ന്യൂക്ലിയർ ഇൻഫർമേഷൻ പ്രോജക്ടിന്റെ ഡയറക്ടറുമായ ഹാൻസ് എം ക്രിസ്റ്റെൻസൻ പറഞ്ഞു.
ആണവായുധ ശേഖരം വർധിപ്പിച്ച് ഇന്ത്യയും പാകിസ്ഥാനും
ദേശീയ സുരക്ഷ നിലനിർത്തുന്നതിന് ആവശ്യമായ ആണവായുധങ്ങൾ മാത്രമാണ് തങ്ങളുടെ കൈവശമുള്ളതെന്ന ചൈനയുടെ വാദത്തിനെ പിന്തള്ളിക്കൊണ്ടാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. കൂടാതെ ഇന്ത്യയും പാകിസ്ഥാനും ആണവായുധ ശേഖരം വിപുലീകരിക്കുന്നതായും റിപ്പോർട്ടിൽ പരാമർശിച്ചു. 2022 ൽ പുതിയ തരം ആണവായുധങ്ങൾ രാജ്യങ്ങൾ സംഭരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആണവ പ്രതിരോധത്തിന്റെ പ്രധാന കേന്ദ്രമായി പാകിസ്ഥാൻ തുടരുമ്പോൾ, ചൈനയിലുടനീളമുള്ള ലക്ഷ്യങ്ങളിൽ എത്താൻ കഴിവുള്ളവ ഉൾപ്പെടെയുള്ള ദീർഘദൂര ആയുധങ്ങൾക്ക് ഇന്ത്യ കൂടുതൽ ഊന്നൽ നൽകുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് ഇതുവരെ ഒമ്പത് രാജ്യങ്ങളിലാണ് ആണവായുധ ശേഖരം നിലവിലുള്ളത്. യു എസ്, റഷ്യ, യു.കെ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാകിസ്ഥാൻ, ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ (ഉത്തര കൊറിയ) ഇസ്രായേൽ എന്നീ രാജ്യങ്ങൾ കഴിഞ്ഞ വർഷം ആണവായുധ ശേഖരം വർധിപ്പിച്ചിരുന്നു. ആണവായുധ ശേഖരം ഉണ്ടെന്ന് പരസ്യമായി അംഗീകരിക്കാത്ത ഇസ്രായേലും തങ്ങളുടെ ആണവായുധ ശേഖരം നവീകരിക്കുന്നതായി സംഘടന ഉന്നയിച്ചു.
പ്രതിരോധം ശക്തമാക്കി ചൈന
തയ്‌വാൻ വിഷയത്തിൽ യുഎസുമായി പിരിമുറുക്കം രൂക്ഷമായതോടെ ആന്റി ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം ചൈന പരീക്ഷിച്ചിരുന്നു. എച്ച്ക്യൂ-19 മിസൈൽ ഉപയോഗിച്ച് ആണവായുധ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ വെടിവെച്ച് വീഴ്ത്തിയായിരുന്നു പരീക്ഷണം. 2023 ഏപ്രിൽ 14നായിരുന്നു പരീക്ഷണം നടന്നത്. രാജ്യാന്തര മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിച്ചായിരുന്നു പരീക്ഷണം. 2010 ന് ശേഷം പരസ്യമായി പ്രഖ്യാപിച്ച ചൈനയുടെ ഏഴാമത്തെ പരീക്ഷണമാണ്. ഇതിനുമുൻപ് 2010, 2013, 2014, 2018, 2021, 2022 വർഷങ്ങളിൽ ചൈന ആറ് എബിഎം പരീക്ഷണങ്ങൾ നടത്തിയിരുന്നു. പിന്നീടുള്ള പരീക്ഷണം തയ്‌വാൻ കടലിടുക്കിൽ സംഘർഷം നിലനിൽക്കുന്ന സമയത്തായിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെയാണ് മിസൈൽ നിർമാണരംഗത്ത് ചൈന കുതിച്ചുചാട്ടം നടത്തിയത്. മിസൈൽ നിർമാണത്തിലൂടെ നിലവിൽ ഏഷ്യൻ മേഖലയിൽ സ്വാധീനം ഉറപ്പിക്കാനാണ് ചൈനയുടെ ശ്രമം.
പ്രതിരോധിക്കാനായി വളരെക്കുറച്ച് സമയം മാത്രമേ ലഭിക്കൂ എന്നതാണ് ബാലിസ്റ്റിക് മിസൈലുകളെ കൂടുതൽ അപകടകാരികളാക്കുന്നത്. ബാലിസ്റ്റിക് മിസൈൽ തൊടുത്ത് അധികം വൈകാതെ തന്നെ പ്രതിരോധ മിസൈലും സജീവമാവേണ്ടതുണ്ട്. പലപ്പോഴും എതിരാളികളുടെ പ്രദേശത്തുവച്ചായിരിക്കും പ്രതിരോധ മിസൈൽ ബാലിസ്റ്റിക് മിസൈലിനെ തകർക്കുക. അതേസമയം ചൈനയുടെ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തെക്കുറിച്ച് വളരെക്കുറച്ച് കാര്യങ്ങൾ മാത്രമേ പുറം ലോകത്തിന് അറിവുള്ളുവെന്നത് മറ്റൊരു വസ്തുതയാണ്. 2021ൽ പെന്റഗൺ പ്രസിദ്ധീകരിച്ച ചൈനീസ് സൈനിക ശേഷിയെക്കുറിച്ചുള്ള റിപ്പോർട്ടാണ് ഇതിൽ പ്രധാനം. പ്രാദേശികമായി നിർമിച്ച CH-AB-X-02 (HQ-19) മിസൈലിന് ബാലിസ്റ്റിക് പ്രതിരോധ ശേഷിയുണ്ടെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.
ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്‌സസ് ട്രീറ്റി അഥവാ ഐഎൻഎഫിൽ നിന്നും ചൈനയും റഷ്യയും 2019 ൽ പിൻമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈന കൂടുതൽ പ്രദേശങ്ങളിലേക്ക് തങ്ങളുടെ പ്രതിരോധ ആയുധങ്ങൾ വ്യാപിപ്പിച്ചത്. ഏഷ്യയിൽ നിന്നും സമീപകാലത്ത് ഉയർന്നു വരുന്ന ഭീഷണികളും ചൈനയുടെ മിസൈൽ പരീക്ഷണങ്ങളെ പ്രചോദിപ്പിക്കുന്നുണ്ട്.