TMJ
searchnav-menu
post-thumbnail

TMJ Daily

ലഷ്‌കർ-ഇ-തൊയ്ബ തലവൻ സജിദ് മിറിനെ ബ്ലാക് ലിസ്റ്റ് ചെയ്യാനുള്ള യുഎൻ നീക്കം എതിർത്ത് ചൈന

21 Jun 2023   |   3 min Read
TMJ News Desk

26/11 മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ലഷ്‌കർ-ഇ- തൊയ്ബ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ എതിർത്ത് ചൈന. പാകിസ്ഥാൻ ഭീകരനെ ഉപരോധിക്കാൻ യുഎസ് ഇന്ത്യ കൂട്ടായെടുത്ത നീക്കമായിരുന്നു ഇത്. യുഎൻ രക്ഷാസമിതിയുടെ 1267-ലെ അൽ ഖ്വയ്ദ ഉപരോധ സമിതിക്ക് കീഴിൽ മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്ക്ക് വിധേയമാക്കാനും യുഎസും ഇന്ത്യയും സംയോജിതമായി നടത്തിയ നീക്കത്തെയാണ് ചൈന തടഞ്ഞത്.

എന്നാൽ ചൈനയുടെ ഈ നീക്കത്തെ ഇന്ത്യ അപലപിച്ചു. ആഗോളതലത്തിൽ ഭീകരവാദിയായി അംഗീകരിച്ച ഒരു തീവ്രവാദിയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി പിന്തുണയ്ക്കുന്നത് വെല്ലുവിളി ഉയർത്തുന്നുവെന്ന് യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യൻ പ്രതിനിധി പ്രകാശ് ഗുപ്ത പ്രതികരിച്ചു. തീവ്രവാദത്തെ നേരിടാൻ എല്ലാ രാഷ്ട്രങ്ങളും ഒന്നിച്ചു പോരാടണമെന്നും ഇരട്ടത്താപ്പ് നയം സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി യുഎൻ സന്ദർശിക്കാനിരിക്കെയാണ് ചൈനയുടെ പുതിയ നീക്കം. കഴിഞ്ഞ വർഷം സെപ്തംബറിലെ മിറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന് ചൈന എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

സജിദ് മിറിന്റെ തീവ്രവാദ ബന്ധം

2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ മിർ പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ ടിയിലെ മുതിർന്ന അംഗമാണ്. ഇയാളെ ജൂണിൽ, പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി തീവ്രവാദത്തിന് ധനസഹായം നൽകിയ കേസിൽ 15 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ലോകരാജ്യങ്ങൾക്ക് ഭീഷണയായി തുടരുന്ന സജിദ് മിറിനെ വിട്ടുകിട്ടാൻ ഇന്ത്യയുൾപ്പെടെ ശ്രമിച്ചിരുന്നെങ്കിലും നടന്നിട്ടില്ല. ഇയാൾ മരിച്ചുവെന്ന് പാകിസ്ഥാൻ അധികാരികൾ മുമ്പ് അവകാശപ്പെട്ടിരുന്നു. എന്നാൽ മരിച്ചതിനുള്ള തെളിവുകൾ രാജ്യങ്ങളൊന്നാകെ ആവശ്യപ്പെട്ടെങ്കിലും പാകിസ്ഥാൻ തെളിവുകൾ ഹാജരാക്കിയിട്ടില്ല.

26/11 മുംബൈ ഭീകരാക്രമണത്തിലെ പങ്കിന് അമേരിക്ക ഇയാളുടെ തലയ്ക്ക് 5 മില്യൺ ഡോളർ പാരിതോഷികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമണങ്ങളുടെ ആസൂത്രണത്തിലും തയ്യാറെടുപ്പിലും നിർവ്വഹണത്തിലും പ്രധാന പങ്ക് വഹിച്ച മിർ ലഷ്‌കറിന്റെ ഓപ്പറേഷൻസ് മാനേജരായിരുന്നുവെന്നാണ്, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണ്ടെത്തൽ. യുഎൻ രക്ഷാസമിതിയുടെ ഉപരോധ സമിതിക്ക് കീഴിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കങ്ങൾ ചൈന നിരന്തരമായി തടയുകയാണ്.

രാജ്യത്തെ നടുക്കിയ ഭീകരാക്രമണം

രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബെയിൽ നടന്ന ഭീകരാക്രമണം ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങളെയും ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റിനെയും ചോദ്യമുനയിൽ നിർത്തിയ സംഭവമായിരുന്നു. വിവിധ സ്ഥലങ്ങളിലായി നാല് ദിവസങ്ങളോളം നടന്ന ആക്രമണത്തിൽ 300-ഓളം പേർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മുംബൈ പൊലീസ് ആസ്ഥാനത്തിനടുത്തുള്ള ലിഒപോൾ കഫേയായിരുന്നു ആദ്യലക്ഷ്യം. അഞ്ച് തീവ്രവാദികൾ തലങ്ങും വിലങ്ങും വെടിയുതിർത്തു. മിനുട്ടുകൾക്കുള്ളിൽ നരിമാൻ ഹൗസിനടുത്തുള്ള കൊളാബയിലെ പെട്രോൾ പമ്പിന് നേരെയും ആക്രമണം. പെട്രോൾ പമ്പ് പൊട്ടിത്തെറിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാലത് പരാജയപ്പെട്ടു. നരിമാൻ ഹൗസ് ഉന്നംവച്ചായിരുന്നു അടുത്ത നീക്കം. ജൂതൻമാർക്ക് വലിയ സ്വാധീനമുള്ള പ്രദേശം എന്ന നിലയിലാണ് തീവ്രവാദികൾ നരിമാൻ ഹൗസിൽ കടന്നത്. നിമിഷങ്ങൾക്കകം ഹോട്ടലുകൾക്ക് നേരെയും ആക്രമണം തുടങ്ങി. താജ് ഹോട്ടലിന്റെ സർവീസ് ഡോറിലൂടെ ശാന്തരായി അകത്ത് കടന്ന അക്രമികൾ തുരുതുരാ വെടിയുതിർത്തു. നിരവധി പേർ ഭീകരരുടെ തോക്കിൻ മുനയിൽ ജീവൻ വെടിഞ്ഞു. വിഐപികളും ടൂറിസ്റ്റുകളും ബന്ദികളാക്കപ്പെട്ടു. മിനുട്ടുകൾക്കുള്ളിൽ ഹോട്ടൽ ട്രൈഡെന്റിലും ആക്രമണമുണ്ടായി. കണ്ണിൽ കണ്ടവരെയൊക്കെ കൊന്ന് കൊലവിളിച്ച് ഭീകരർ മുന്നേറി കൊണ്ടിരുന്നു. താജ് ഹോട്ടലിൽ നിന്ന് തീ ഉയർന്നത് കൂടുതൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഹോട്ടൽ ഒബ്രോയിലും ഭീകരർ നിലയുറപ്പിച്ചു. ഏത് സമയത്തും വലിയ തിരക്കനുഭവപ്പെടുന്ന സിഎസ്ടി റെയിൽവേ സ്റ്റേഷനിൽ ഹാൻഡ് ഗ്രനേഡുകളും എകെ-47 തോക്കും ഉപയോഗിച്ചായിരുന്നു ഭീകരരുടെ വേട്ട. റിസർവേഷൻ കൗണ്ടറിനടുത്തേക്ക് ശാന്തരായി കടന്നുവന്ന രണ്ട് ചെറുപ്പക്കാർ ജനത്തിന് നേരെ ആക്രമ താണ്ഡവമാടുകയായിരുന്നു. നഗരത്തിലെവിടെയും മുഴങ്ങിക്കേട്ടത് വെടിയൊച്ചകളുടെ മുഴക്കം മാത്രം.

മുംബൈ ആക്രമണം നടന്ന് ഒരു വർഷത്തിന് ശേഷം 2009-ൽ യുഎസ് സെനറ്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റി സംഭവത്തെ കുറിച്ച് പഠിക്കുകയും വളരെ കൃത്യമായി ആസൂത്രണം ചെയ്ത ആക്രമത്തിന്റെ ഗൗരവവും തീവ്രതയും ചൂണ്ടിക്കാട്ടുകയുമുണ്ടായി. ആക്രമണം നടത്തിയവർ വെറും ഭീകരവാദികൾ മാത്രമായിരുന്നില്ല, കൃത്യമായ പരിശീലനം ലഭിച്ച പാക് കമാൻഡോ യൂണിറ്റായിരുന്നു. ഇന്ത്യയുമായി പരമ്പരാഗതമല്ലാത്ത ഒരു യുദ്ധത്തിനായി തയ്യാറാക്കിയെടുത്തവർ. ഇത്തരത്തിൽ കാലാന്തരത്തിൽ പരമ്പരാഗതമല്ലാത്ത ഭീകരവാദ ഭീഷണികൾ വർധിച്ചുവരികയാണ്. ഈ കാലഘട്ടത്തിൽ ദേശീയ സുരക്ഷാ സംവിധാനങ്ങളും നൂതന സംവിധാനങ്ങളോടെ ശക്തിപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നു. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും നടന്നുവരുന്ന സായുധ ആക്രമണങ്ങളിലും  തീവ്രവാദ പ്രചാരണങ്ങളിലും പാക്കിസ്ഥാൻ പങ്ക് വഹിക്കുന്നുണ്ട്'- എന്നായിരുന്നു യുഎസ് സെനറ്റ് കമ്മിറ്റി  ആശങ്കയോടെ രേഖപ്പെടുത്തിയത്.

ആക്രമണങ്ങളുടെ മുഖ്യ ആസൂത്രകനായും തയ്യാറെടുപ്പുകൾക്കും നിരീക്ഷണത്തിനും നേതൃത്വം നൽകിയിരുന്നതും മിർ ആയിരുന്നു. ആക്രമണസമയത്ത് പാകിസ്ഥാൻ ആസ്ഥാനമായുള്ള കൺട്രോളർമാരിൽ ഒരാളായിരുന്നു മിർ. കൂടാതെ, 2008 നും 2009 നും ഇടയിൽ ഡെൻമാർക്കിലെ ഒരു പത്രസ്ഥാപനത്തിനും ജീവനക്കാർക്കും, മാധ്യമപ്രവർത്തകർക്കും നേരെ ഭീകരാക്രമണം നടത്താൻ  ഗൂഢാലോചന നടത്തിയതായും മിർനെതിരെ ആരോപണമുണ്ട്.


#Daily
Leave a comment