വാഹന കയറ്റുമതി, ജപ്പാനെ മറികടന്ന് ചൈന
ജപ്പാനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ വാഹന കയറ്റുമതിക്കാരെന്ന നേട്ടം സ്വന്തമാക്കി ചൈന. ചൈന അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സി.എ.എ.എം) കണക്കുകള്‍ പ്രകാരം 2023 ല്‍ 4.91 ദശലക്ഷം വാഹനങ്ങളാണ് ചൈന കയറ്റുമതി ചെയ്തത്. ജപ്പാന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ (ജെ.എ.എം.എ) കണക്കുകള്‍ പ്രകാരം 2023 ല്‍ ജപ്പാനില്‍ നിന്നും കയറ്റി അയച്ചത് 4.42 ദശലക്ഷം വാഹനങ്ങളും. ജപ്പാനേക്കാള്‍ അഞ്ച് ലക്ഷത്തിനടുത്ത് വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ചൈന കയറ്റുമതി ചെയ്തത്.
ചൈനയിലെ വാഹന വ്യവസായം കുതിച്ചത് ഇലക്ട്രിക് കാറുകളിലൂടെ
ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ വന്‍ നിക്ഷേപം നടത്തിയതിനാല്‍ ചൈനയുടെ വാഹന വ്യവസായം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ചൈന ഇലക്ട്രിക് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ബാറ്ററിയും, ഇന്റേണല്‍ കംബസ്റ്റിയന്‍ എന്‍ജിനും ഒന്നിക്കുന്ന ഹൈബ്രിഡ് മോഡലുകളിലായിരുന്നു ജപ്പാന്റെ ശ്രദ്ധ.
റഷ്യയിലെ ആഗോള എതിരാളികളുടെ അഭാവം
യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് പ്രധാനപ്പെട്ട കാര്‍ കമ്പനികള്‍ പലതും റഷ്യ വിട്ട് പോയിരുന്നു. എന്നാല്‍ ചൈനീസ് ബ്രാന്‍ഡുകള്‍ റഷ്യയില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഇത് മൂലം കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നിന്ന് വന്‍ ഡിമാന്‍ഡാണ് ചൈനീസ് കാറുകള്‍ക്ക് ഉണ്ടായത്.