
ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിച്ച് വളര്‍ച്ച കൈവരിക്കാനുള്ള പദ്ധതിയുമായി ചൈന
കയറ്റുമതിയെ മാത്രം ആശ്രയിക്കാതെ ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിച്ച് വളര്‍ച്ച കൈവരിക്കാനുള്ള നടപടികളുമായി ചൈന. ചൈനക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, ശിശു സംരക്ഷണ സബ്‌സിഡി പദ്ധതി അടക്കമുള്ള നടപടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചൈനയിലെ ഉപഭോക്തൃ ചോദനം വിവിധ തിരിച്ചടികള്‍ നേരിട്ടിരുന്നു. കോവിഡ് 19 ഉം ദീര്‍ഘകാലമായി നിലനില്‍ക്കുന്ന റിയല്‍എസ്റ്റേറ്റ് മേഖലയിലെ വിലയിടിവും ആളുകള്‍ ചെലവഴിക്കാന്‍ മടിക്കുന്നതും മറ്റും ഇതിന് കാരണങ്ങളായിരുന്നു.
എല്ലാ മേഖലയിലും ഉപഭോഗവും ആഭ്യന്തര ചോദനവും വന്‍തോതില്‍ വര്‍ദ്ധിക്കുക, ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിച്ച് സാധനങ്ങള്‍ വാങ്ങാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുക എന്ന നിര്‍ദ്ദേശവുമായി പദ്ധതി എല്ലാ വകുപ്പുകള്‍ക്കും മേഖലകള്‍ക്കും നല്‍കിയിട്ടുണ്ട്.
വിദേശത്തുനിന്നുള്ള ചോദനം കുറയുന്നതിന്റെ പ്രഭാവം തടയുന്നതിനായി ചൈനയിലെ വീടുകളിലെ ചെലവഴിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ചൈനീസ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ലീ ക്വിയാങ് കഴിഞ്ഞ ആഴ്ച്ച ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ പദ്ധതി തയ്യാറാക്കിയത്.
നഗര, ഗ്രാമീണ വരുമാനം വര്‍ദ്ധിപ്പിക്കണമെന്ന് പദ്ധതി നിര്‍ദ്ദേശിക്കുന്നു. വിശാലമായ പദ്ധതി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം പ്രാദേശിക സര്‍ക്കാരുകള്‍ക്കാണ്. എന്നാല്‍ ഇതിനുള്ള വിഭവങ്ങള്‍ സമാഹരിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശമില്ല. ഓഹരി വിപണി സുസ്ഥിരമാക്കാനുള്ള നടപടികളും പദ്ധതിയിലുണ്ട്. എന്നാല്‍ എപ്പോള്‍, എങ്ങനെ നടപ്പിലാക്കണമെന്നുള്ള നിര്‍ദ്ദേശമില്ലെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ശിശു സുരക്ഷാ സബ്‌സിഡി സംവിധാനത്തെക്കുറിച്ച് പഠനം നടത്തി, നടപ്പിലാക്കണം. ജനറല്‍ ആശുപത്രികളില്‍ രാത്രികളില്‍ ശിശുരോഗ ഒപി ക്ലിനിക്കുകള്‍ ആരംഭിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.