കോവിഡ് കേസിൽ 40% വർധനവ് രേഖപ്പെടുത്തി ചൈന
ഏപ്രിൽ മുതൽ രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ കോവിഡ് രോഗനിർണയം നടത്തിയവരുടെ എണ്ണത്തിൽ അഞ്ചിരട്ടിയിലധികം വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ് ചൈന. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (സിഡിസി) പുറത്തുവിട്ട ഡാറ്റയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കണക്കുകൾ പ്രകാരം 2022 ലേതുമായി താരതമ്യപ്പെടുത്തുമ്പോൾ മെയ്മാസത്തിൽ ചൈനയിൽ വീണ്ടും കോവിഡ് തരംഗം ഉണ്ടായി എന്നാണ് വ്യക്തമാകുന്നത്. ചൈനയിൽ മെയ് മാസത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 164 ആണ്. 2,777 പേർക്കാണ് ഗുരുതരമായ അണുബാധയേറ്റത്.
ചൈനയിൽ കോവിഡിന്റെ പുതിയ വകഭേദം പൊട്ടിപുറപ്പെട്ടിരിക്കുകയാണെന്ന് മെയ് മാസം വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 'എക്‌സ്ബിബി' (XBB) എന്നറിയപ്പെടുന്ന വകഭേദത്തിന്റെ വ്യാപനത്തോത് ജൂണിൽ കൂടുമെന്നും ഏകദേശം 650 ദശലക്ഷം ആളുകളെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ തരംഗത്തെ ചെറുക്കുന്നതിനായി വാക്‌സിനുകൾ നല്കുന്നത് വേഗത്തിലാക്കിയിരിക്കുയാണ് അധികൃതർ. എക്സ്ബിബി ഒമിക്രോൺ സബ് വേരിയന്റുകൾക്ക് (എക്സ്ബിബി. 1.9.1, എക്സ്ബിബി. 1.5, എക്സ്ബിബി. 1.16 ഉൾപ്പെടെ) രണ്ട് പുതിയ വാക്സിനേഷനുകൾ പ്രാഥമികമായി ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. മൂന്നോ നാലോ വാക്‌സിനുകൾക്ക് ഉടൻ അംഗീകാരം ലഭിക്കുമെന്ന് ഗ്വാങ്ഷൂവിൽ നടന്ന ഒരു ബയോടെക് സിമ്പോസിയത്തിൽ സംസാരിക്കവെ പ്രമുഖ ചൈനീസ് എപ്പിഡെമിയോളജിസ്റ്റ് സോങ് നാൻഷാൻ പറഞ്ഞതായി ദി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 85 ശതമാനത്തോളം ജനങ്ങളും അസുഖബാധിതരായിരുന്ന അവസാനഘട്ട തരംഗത്തിനു ശേഷം രാജ്യത്ത് കർശനമാക്കിയിരുന്ന സീറോ കോവിഡ് പോളിസി നിയമങ്ങൾ ഒഴിവാക്കിയിരുന്നു.
ലോകത്ത് കോവിഡ് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ മെയ് ആദ്യവാരത്തിൽ ലോകാരോഗ്യ സംഘടന കോവിഡ് അടിയന്തരാവസ്ഥ പിൻവലിച്ചിരുന്നു. പൊതുജനങ്ങൾ വാക്സിൻ സ്വീകരിച്ചതിലൂടെയും സ്വഭാവിക പ്രതിരോധം നേടിയതിലൂടെയും മരണങ്ങൾ കുറയുന്നുവെന്നും പഠനങ്ങളിൽ വ്യക്തമാക്കി. എന്നാൽ, ആഗോള അടിയന്തരാവസ്ഥ എന്ന നിലയിൽ നിന്ന് കോവിഡ് മാറുന്നു എന്നത് കൊണ്ട് അത് ആഗോള ആരോഗ്യ ഭീഷണി അല്ലാതാവുന്നില്ല, കോവിഡിന്റെ പുതിയ വകഭേദങ്ങൾ മൂലം പുതിയ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും 2030 വരെ സമയപരിധി നിശ്ചയിക്കപ്പെട്ടിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് കീഴിലെ ആരോഗ്യവുമായി ബന്ധപ്പെട്ട് കൈവരിക്കേണ്ട നേട്ടങ്ങളെ കോവിഡ്-19 ബാധിച്ചിട്ടുണ്ടെന്നും ഡബ്യു.എച്ച്.ഒ മേധാവി വ്യക്തമാക്കിയിരുന്നു.
കോവിഡ് ചൈനയിൽ നിന്നെന്ന് സംശയിച്ച് ശാസ്ത്രജ്ഞൻ
കോവിഡ് വൈറസ് ചൈനയിലെ ലാബിൽ നിന്ന് ചോർന്നതാകാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ചൈനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) തലവനായിരുന്ന പ്രൊഫസർ ജോർജ് ഗാവോ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മഹാമാരി നേരിടുന്നതിലും അതിന്റെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമങ്ങളിലും പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. വുഹാനിലെ ലബോറട്ടറിയിൽ നിന്നാണ് രോഗം ഉത്ഭവിച്ചതെന്ന വാദം ചൈന നേരത്തെ തള്ളിക്കളഞ്ഞിരുന്നു. 'നിങ്ങൾക്ക് എപ്പോഴും എന്തും സംശയിക്കാം. അതാണ് ശാസ്ത്രം. എന്നാൽ, ഒന്നും തള്ളിക്കളയരുതെന്നും' ജോർജ് ഗാവോ പറഞ്ഞു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെക്കുറിച്ച് ഔപചാരിക അന്വേഷണം നടത്തിയിരുന്നുവെങ്കിലും തെറ്റായി ഒന്നും കണ്ടെത്തിയില്ല. വുഹാൻ ലാബിൽ നിന്നാണ് വൈറസ് പുറത്തുപോയതെന്ന ആരോപണം ചൈനീസ് സർക്കാർ ഗൗരവമായി എടുത്തിരുന്നുവെന്നും ഗാവോ കൂട്ടിച്ചേർത്തു. ലോകത്തിലെ പ്രമുഖ വൈറോളജിസ്റ്റും ഇമ്യൂണോളജിസ്റ്റുമായ പ്രൊഫ. ഗാവോ കഴിഞ്ഞവർഷം സിഡിസി യിൽ നിന്ന് വിരമിച്ചതിനുശേഷം ചൈനയിലെ നാഷണൽ നാച്ച്വറൽ സയൻസ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയാണ്.
തുടക്കം മുതൽ സംശയം ചൈനയെ
2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് കോവിഡ് വൈറസിന്റെ ഉത്ഭവം. മൃഗങ്ങളെ വിൽപ്പന നടത്തുന്ന വുഹാനിലെ ചന്തയാണ് വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്നായിരുന്നു ആദ്യകാല പഠനങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ വൈറസുകളെക്കുറിച്ച് പഠനം നടത്തുന്ന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ആസ്ഥാനവും വുഹാനിലാണ്. പിന്നീട് ഈ ലാബിൽ നിന്നാകാം കൊറോണ വൈറസ് ചോർന്നതെന്ന സംശയം ഉയരുകയായിരുന്നു. അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം ആദ്യം മുന്നോട്ടുവച്ചത്. എന്നാൽ പൊതുജനാരോഗ്യ വിദഗ്ധരും ചൈനയും ഈ ആരോപണത്തെ ശക്തമായി നിഷേധിച്ചു. പിന്നീട് പല ലോകരാജ്യങ്ങളും ചൈനയ്ക്കെതിരെ രംഗത്തുവരികയായിരുന്നു. കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താനുള്ള അന്വേഷണത്തോട് ചൈനീസ് സർക്കാരിന്റെ സഹകരണമില്ലായ്മയും ചൈനയെ സംശയനിഴലിൽ നിർത്തുകയായിരുന്നു.
ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായതിനുശേഷം 2021 മെയ് മാസത്തിൽ ഇന്റലിജൻസ് അന്വേഷണത്തിനും ഉത്തരവിട്ടു. ലാബിൽ നിന്നാണ് കൊറോണ വൈറസിന്റെ ചോർച്ചയുണ്ടായതെന്ന് വാൾസ്ട്രീറ്റ് ജേണൽ ഉൾപ്പെടെ നിരവധി യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകളും പുറത്തുവന്നു. 2021 മാർച്ചിൽ ലോകാരോഗ്യ സംഘടന (WHO) യിലെ ഒരു സംഘം ഗവേഷകർ വുഹാനിലെ ലാബിൽ സന്ദർശനം നടത്തി. എന്നാൽ ആ സന്ദർശനത്തെ ചൈനീസ് സർക്കാർ തടസ്സപ്പെടുത്തുകയും വുഹാൻ ലാബിൽ അത്തരത്തിൽ ചോർച്ചയ്ക്കുള്ള യാതൊരു സാധ്യതയുമില്ലെന്നും ചൈന പറഞ്ഞിരുന്നു.
ലോകത്തെ ഭീതിയിലാഴ്ത്തിയ രോഗാണു
കോവിഡ് വൈറസ് പുറത്തുവന്നത് എവിടെ നിന്നാണെന്ന ചോദ്യം കോവിഡിന്റെ തുടക്കകാലം മുതൽ ഉയർന്നതാണ്. അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾ ചൈനയ്ക്കെതിരെയാണ് ആദ്യം മുതൽ വിരൽചൂണ്ടിയത്. മനുഷ്യരാശിയെ ഏറ്റവുമധികം ഭീതിയിലാഴ്ത്തിയ രോഗാണുവായിരുന്നു കൊറോണ വൈറസ്. 69 ലക്ഷം മനുഷ്യരെയാണ് കോവിഡ് ഇതിനോടകം കൊന്നൊടുക്കിയത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. കോവിഡ് വൈറസ് തലച്ചോറുൾപ്പെടെ ശരീരത്തിലെ മുഴുവൻ ഭാഗങ്ങളെയും ബാധിക്കുമെന്ന് അടുത്തിടെ നടന്ന പഠനം വ്യക്തമാക്കുന്നു. രോഗബാധിതരിൽ എട്ടു മാസത്തോളം വൈറസ് സാന്നിധ്യം നിലനിൽക്കും. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളിൽ നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയിൽ ശേഖരിച്ച കോശങ്ങളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്താണ് പഠനം നടത്തിയത്. ശ്വാസനാളിയെയും ശ്വാസകോശ കലകളെയുമാണ് വൈറസ് ആദ്യം ബാധിക്കുന്നതും പരുക്കേൽപ്പിക്കുന്നതുമെന്നാണ് കണ്ടെത്തൽ.