
യുഎസ് സൈബറാക്രമണം നടത്തിയെന്ന് ചൈന
കഴിഞ്ഞ ഫെബ്രുവരിയില്‍ ഏഷ്യന്‍ ശീതകാല ഒളിമ്പിക്‌സ് നടന്ന സമയത്ത് യുഎസിന്റെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) സൈബറാക്രമണം നടത്തിയെന്ന് ചൈന ആരോപിച്ചു. മൂന്ന് എന്‍എസ്എ ഏജന്റുമാരുടെ പേരും ചൈന പുറത്തുവിട്ടു. കൂടാതെ, കാലിഫോര്‍ണിയ സര്‍വകലാശാലയും വെര്‍ജീനിയ ടെക്കും ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ചൈന ആരോപിച്ചു.
ആക്രമണത്തില്‍ പങ്കെടുത്തത് കാതറീന്‍ എ വില്‍സണ്‍, റോബര്‍ട്ട് ജെ സ്‌നെല്ലിങ്, സ്റ്റീഫന്‍ ഡബ്ല്യു ജോണ്‍സണ്‍ എന്നിവരാണെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയുടെ വളരെ പ്രധാനപ്പെട്ട ഇന്‍ഫര്‍മേഷന്‍ അടിസ്ഥാന സൗകര്യങ്ങളുടേയും വാവേയുടേയും മറ്റ് സ്ഥാപനങ്ങളുടേയും നേര്‍ക്ക് ആവര്‍ത്തിച്ചുള്ള സൈബറാക്രമണം നടന്നതായി ചൈന ആരോപിച്ചു.
അമേരിക്കന്‍ സര്‍വകലാശാലകളുടെ പങ്കെന്താണെന്ന് ചൈന വിശദമാക്കിയിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകള്‍ തമ്മില്‍ വ്യാപാര യുദ്ധം നടക്കുന്ന സമയത്താണ് സൈബറാക്രമണ വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ഊര്‍ജ്ജം, ഗതാഗതം, ജലസംരക്ഷണം, ആശയവിനിമയങ്ങള്‍, ദേശീയ പ്രതിരോധ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്കുനേരെ ആക്രമണം നടന്നതായി ചൈന ആരോപിച്ചു. സാമൂഹിക ക്രമം തകര്‍ക്കാനും പ്രധാനപ്പെട്ട രഹസ്യ വിവരങ്ങള്‍ മോഷ്ടിക്കാനുമാണ് ആക്രമണം നടത്തിയതെന്നും ചൈന ആരോപിച്ചു.