
വ്യാപാര യുദ്ധത്തിൽ ഇന്ത്യക്ക് പിന്തുണയുമായി ചൈന
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം നികുതി ഏർപ്പെടുത്തിയതിനെ തുടർന്നുള്ള ഇന്ത്യ-അമേരിക്ക വ്യാപാര തർക്കത്തിൽ ഇന്ത്യക്ക് പിന്തുണയുമായി ചൈന. മറ്റുള്ള രാജ്യങ്ങളെ അടിച്ചർമത്താൻ താരിഫിനെ ഉപയോഗിക്കുന്ന അമേരിക്ക, ഒരിഞ്ച് ഇടം നൽകിയാൽ ഒരു മൈൽ എടുക്കുന്ന രാജ്യമാണെന്നും വിശേഷിപ്പിച്ചു. അമേരിക്കയുടെ പേര് നേരിട്ട് പറയാതെയാണ് ചൈനീസ് അംബാസിഡർ ഷു ഫെയിഹോങ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
ബ്രസീലിനും 50 ശതമാനം തീരുവ യുഎസ് ചുമത്തിയിരുന്നു. ബ്രസീലിനും, ഇന്ത്യക്കും പിന്തുണയുമായാണ് ചൈന എത്തിയിരിക്കുന്നത്. താരിഫ് മറ്റ് രാജ്യങ്ങളെ അടിച്ചമർത്താനുള്ള ആയുധമായി ഉപയോഗിക്കുന്നതിനെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വിമർശിച്ചു. ആഗോള വ്യാപാര മാനദണ്ഡങ്ങൾക്ക് നേരിട്ടുള്ള ഭീഷണിയാണ് ട്രംപിന്റെ താരിഫ് തന്ത്രമെന്ന് ബ്രസീലിയൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് സെൽസോ അമോറിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വാങ് യി പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ചൈനയുടെ പിന്തുണയ്ക്ക് ബ്രസീൽ നന്ദി അറിയിച്ചു. ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ട്രംപ് ഏർപ്പെടുത്തിയ തീരുവകൾക്കെതിരെ ഐക്യത്തിനായി ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ആഹ്വാനം ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ലുലയുമായി ഫോണിൽ സംസാരിച്ചുവെന്ന വാർത്തകൾ വന്നെങ്കിലും, ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.


