TMJ
searchnav-menu
post-thumbnail

TMJ Daily

യുദ്ധമുണ്ടായാൽ ചൈന അമേരിക്കയെ തകർക്കും: പെന്റഗൺ റിപ്പോർട്ട്

11 Dec 2025   |   2 min Read
TMJ News Desk

തായ്‌വാന്റെ പേരിൽ ചൈനയുമായി യുദ്ധമുണ്ടായാൽ  അമേരിക്കക്ക് കനത്ത പരാജയം നേരിടേണ്ടി വരുമെന്ന് അമേരിക്കൻ യുദ്ധ ഡിപ്പാർട്മെന്റായ പെന്റഗണിന്റെ അതീവ രഹസ്യ റിപ്പോർട്ട്. തായ്‌വാനിലേക്ക് ചൈന കടക്കുന്നത് തടയാൻ ശ്രമിച്ചാൽ കനത്ത പരാജയം നേരിടേണ്ടിവരുമെന്നും അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ നഷ്ടപ്പെടുമെന്നും റിപ്പോർട്ട് പറയുന്നു.

ചൈനയുടെ 600 ഓളം ഹൈപ്പർസോണിക് ആയുധങ്ങളും, മിസൈലുകളും, ആണവ അന്തർവാഹിനികളും അമേരിക്കയെ അത്ഭുതപ്പെടുത്തുമെന്ന മുന്നറിയിപ്പ് നൽകുന്നതാണ്  റിപ്പോർട്ടിലെ ഉള്ളടക്കമെന്ന് ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തുന്നു. ഈ വിലയിരുത്തൽ, മുൻ യുദ്ധ പരിശീലനങ്ങളുടെ നിഗമനങ്ങളെ സ്ഥിരീകരിച്ചു. അമേരിക്കൻ സൈന്യത്തിന്റെ ഭാവി ദിശയെയും, കാലഹരണപ്പെട്ട രീതികളെയും കുറിച്ചുള്ള വിശാലമായ ആശങ്കകളും അത് ഉയർത്തിക്കാട്ടി.

പെന്റഗൺ മേധാവികൾ 'അവസാന യുദ്ധം പോരാടുന്ന ജനറൽമാരാണെന്നും' ഡ്രോണുകൾ ഉൾപ്പെടെയുള്ള വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നതും, വിലകുറഞ്ഞതുമായ ആയുധ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടാൻ അവർ പരാജയപ്പെട്ടുവെന്നും അത് സൂചന നൽകുന്നു. അമേരിക്കൻ സൈനിക-വ്യാവസായിക സമുച്ചയത്തിന്റെ മേൽ സ്വാധീനം ചെലുത്തുന്ന ചെറിയ കൂട്ടം ഭീമൻ കരാറുകാരുടെ ആധിപത്യവും ചോദ്യം ചെയ്യപ്പെടുന്നതാണ് അതിലെ ഉള്ളടക്കം. ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് കണ്ടപ്പോൾ 'വിളറിപ്പോയതായി' പറയപ്പെടുന്നു.

ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ 13 ബില്യൺ ഡോളർ വിലയുള്ള യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പോലുള്ള കപ്പലുകൾ പലപ്പോഴും തായ്‌വാനെ പ്രതിരോധിക്കാൻ അമേരിക്ക തയ്യാറാക്കിയ സാഹചര്യങ്ങളിൽ നശിപ്പിക്കപ്പെട്ടുവെന്നാണ് ഇതു സംബന്ധിച്ച 'സിമുലേഷൻ' നൽകുന്ന സൂചന. എന്നിരുന്നാലും, പെന്റഗണിന് ഇപ്പോഴും സമാനമായ ഒമ്പത് കപ്പലുകൾ കൂടി നിർമ്മിക്കാൻ പദ്ധതിയുണ്ട്. എന്നാൽ, വ്യത്യസ്തമായ വഴി തേടണമെന്ന് വാദിക്കുന്നവർ പറയുന്നത്  ആ ഫണ്ടിൽ നിന്ന് ഒരു ഭാഗം ഡ്രോണുകൾക്കും, സൈബർ ശേഷിക്കും വേണ്ടി ചെലവഴിക്കണമെന്നാണ്.

2027-ൽ തായ്‌വാനിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു അധിനിവേശത്തിന് തയ്യാറെടുക്കാൻ പ്രസിഡന്റ് ഷി ജിൻപിംഗ് തന്റെ ജനറൽമാരോട് ഉത്തരവിട്ടതിന് ശേഷമാണ് പെന്റഗണിന് ഏറ്റവും പുതിയ വെല്ലുവിളി. തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നും ബലപ്രയോഗത്തിലൂടെ ദ്വീപ് പിടിച്ചെടുക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ബീജിംഗ് അവകാശപ്പെടുന്നു.

തായ്‌വാനെ പ്രതിരോധിക്കാൻ അമേരിക്ക ഒരുങ്ങുമ്പോൾ, ചൈനയ്ക്ക് അമേരിക്കൻ വൈദ്യുതി, ജല ശൃംഖലകൾക്കെതിരെ സൈബർ ആക്രമണങ്ങൾ നടത്താൻ കഴിയും. 'ഓവർമാച്ച്' എന്ന പേരിലുള്ള പെന്റഗണിന്റെ രഹസ്യ റിപ്പോർട്ട് അടുത്തിടെ വൈറ്റ് ഹൗസിലേക്ക് അയച്ചു.

അമേരിക്കൻ കപ്പലുകൾ, ജെറ്റുകൾ, ഉപഗ്രഹങ്ങൾ എന്നിവ ചൈനക്ക് എങ്ങനെ തകർക്കാൻ കഴിയുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അതിൽ നൽകിയതായി റിപ്പോർട്ടുണ്ട്. തായ്‌വാൻ സംഘർഷത്തിനെ കുറിച്ചുള്ള പെന്റഗൺ സിമുലേഷനുകളിൽ 'നമ്മൾ എല്ലായ്‌പ്പോഴും തോൽക്കുന്നു' എന്ന് യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുമ്പ് പറഞ്ഞിട്ടുണ്ട്.

ഈ വർഷമാദ്യം , ചൈന 'യഥാർത്ഥ യുദ്ധത്തിനായി റിഹേഴ്‌സൽ ചെയ്യുകയാണെന്ന്' അദ്ദേഹം പറഞ്ഞു, 'ഞങ്ങൾ അതിനെ വെള്ളപൂശാൻ പോകുന്നില്ല, ചൈന ഉയർത്തുന്ന ഭീഷണി യഥാർത്ഥമാണ്, അത് ആസന്നമായേക്കാം' എന്ന് കൂട്ടിച്ചേർത്തു. എന്നാൽ, ഹെഗ്‌സെത്ത് 'അടിസ്ഥാനരഹിതമായ ആരോപണങ്ങൾ' ഉന്നയിക്കുന്നുവെന്ന് ചൈന ആരോപിച്ചു.

പ്രസിഡന്റ് ട്രംപിന്റെ രണ്ടാം ടേമിൽ ഇതുവരെ മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും സൈനിക ആവശ്യങ്ങൾക്കായി ഇന്തോ-പസഫിക്കിൽ നിന്നും അമേരിക്കൻ സൈനിക വിഭവങ്ങൾ പതിവായി പിൻവലിക്കുന്നുണ്ട്. ബൈഡൻ ഭരണകാലത്ത്, തായ്‌വാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ പീരങ്കി ഷെല്ലുകൾ പെട്ടെന്ന് തീർന്നുപോകുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞിരുന്നു.  

ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റെസ്‌പോൺസിബിൾ സ്റ്റേറ്റ്‌ക്രാഫ്റ്റിലെ ഈസ്റ്റ് ഏഷ്യ പ്രോഗ്രാമിലെ സീനിയർ റിസർച്ച് ഫെലോ ആയ മൈക്കൽ ഡി സ്വെയ്ൻ പറയുന്നത്: 'അമേരിക്കൻ സൈന്യം അവരുടെ പൈതൃക ആയുധങ്ങളിൽ പലതും ഉപേക്ഷിച്ച് രാജ്യം നേരിടുന്ന ഭീഷണികളെയും, കഴിവുകളെയും കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒരു ശക്തിയിലേക്ക് മാറണമെന്ന ഈ ആഹ്വാനത്തോട് ഞാൻ യോജിക്കുന്നു.'

എന്നാൽ അദ്ദേഹം കൂട്ടിച്ചേർത്തു: 'അമേരിക്ക അതിന്റെ ആഗോള സൈനിക ആധിപത്യം നിലനിർത്തേണ്ടതുണ്ടെന്ന അനുമാനം, പൂർണ്ണമായും യാഥാർത്ഥ്യബോധമില്ലാത്തതും ചെലവേറിയതുമാണ്.  
പതിനായിരക്കണക്കിന് സൈനികരെ പാർപ്പിക്കുന്ന നൂറുകണക്കിന് വിദേശ താവളങ്ങൾ അമേരിക്കയ്ക്ക് ശരിക്കും ആവശ്യമുണ്ടോ? തായ്‌വാനുമായി ബന്ധപ്പെട്ട് ചൈനയുമായി യുദ്ധം ചെയ്യുന്നത് അമേരിക്കയുടെ ഉത്തമ  താൽപ്പര്യമാണോ?" ഈ ചോദ്യങ്ങൾ സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.


#Daily
Leave a comment