TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യക്ക് അപൂർവ ധാതുക്കൾ നൽകും: ചൈന

19 Aug 2025   |   1 min Read
TMJ News Desk

ന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനൊപ്പം, വളം, അപൂർവ ധാതുക്കൾ, തുരങ്ക നിർമ്മാണ യന്ത്രങ്ങൾ അഥവാ ടണൽ ബോറിംഗ് മെഷീനുകൾ (ടിബിഎം) എന്നിവ ഇന്ത്യക്ക് നൽകുന്നതിന് തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഉറപ്പ് നൽകി. തിങ്കളാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വാങ് ഇക്കാര്യം അറിയിച്ചത്.

അമേരിക്ക- ഇന്ത്യ ബന്ധങ്ങൾ വഷളായ പശ്ചാത്തലത്തിൽ ഇന്ത്യയും, ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയൊരു തലത്തിൽ എത്തുന്നതിൻ്റെ സൂചനയാണ് വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ച. കഴിഞ്ഞ മാസം ചൈന സന്ദർശിച്ച വേളയിൽ, യൂറിയ, എൻ‌പി‌കെ, ഡി‌എപി, അപൂർവ ധാതുക്കൾ, ടി‌ബി‌എം തുടങ്ങിയ വിഷയങ്ങൾ ജയശങ്കർ, മന്ത്രി വാങ്-യിയുമായി ഉന്നയിച്ചിരിന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംബന്ധമായ പ്രശ്‌നങ്ങളും, ചർച്ചകളും ഇന്ന് നടക്കുന്ന പ്രത്യേക പ്രതിനിധി സംഭാഷണത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തും. മന്ത്രി വാങ് ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും കൂടിക്കാഴ്ച നടത്തും.

തായ്‌വാനോടുള്ള ഇന്ത്യയുടെ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും, ലോകത്തെ മറ്റ് രാജ്യങ്ങളെ പോലെ ഇന്ത്യയും സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങളുടെ തലത്തിൽ തായ്‌വാനിൽ നയതന്ത്ര സാന്നിധ്യം നിലനിർത്തിയിട്ടുണ്ടെന്നും ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രിയോട് പറഞ്ഞു.

ചർച്ചകൾ സൗഹാർദ്ദപരമായിരുന്നെങ്കിലും, വാഷിംഗ്ടണിൻ്റെ നിലവിലുള്ള നയങ്ങൾ കാരണം ഇരുപക്ഷവും കൂടുതൽ അടുക്കേണ്ടതുണ്ടെന്ന വിലയിരുത്തലുകൾ പ്രകടമായിരുന്നു.  പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അമേരിക്കയും സ്വീകരിക്കുന്ന നയങ്ങളും, തീരുമാനങ്ങളും ഇന്ത്യയെയും ചൈനയെയും ലക്ഷ്യം വയ്ക്കുമെന്നും അവ സൃഷ്ടിക്കുന്ന അനിശ്ചിതത്വം മറികടക്കാൻ ഇരുപക്ഷവും സംഭാഷണത്തിൽ ഏർപ്പെടണമെന്നുമായിരുന്നു പൊതുവായ നിഗമനം. 

#Daily
Leave a comment