
കുട്ടികളുടെ ജനനം സംബന്ധിച്ച് ഭയം നിലനിൽക്കുന്നുണ്ടോയെന്ന സർവ്വേയുമായി ചൈന
ജനന നിരക്ക് വർദ്ധിപ്പിക്കാനുള്ള സർക്കാർ നിർദ്ദേശത്തെ അടിസ്ഥാനമാക്കി ചൈനയിലെ നാഷ്ണൽ ഹെൽത്ത് കമ്മീഷൻ ആണ് കുട്ടികളുടെ ജനനം സംബന്ധിച്ച് ഭയമുണ്ടോ എന്ന സർവേ നടത്തുന്നത്. ആളുകളിലെ പ്രസവിക്കാനുള്ള മനോഭാവത്തെയും "കുട്ടികളുമായി ബന്ധപ്പെട്ടുള്ള ഭയ"ത്തെയും സ്വാധീനിക്കാൻ സാധ്യതയുള്ള ഘടകങ്ങളെക്കുറിച്ച് മനസിലാക്കാനാണ് ഈ സർവേ.
ചൈനയിലെ 150 കൗണ്ടികളിലെ 1500 കമ്മ്യൂണിറ്റികളിൽ നിന്നുമുള്ള 30,000 പേരെ ഉൾപ്പെടുത്തിയാവും സർവ്വേയെന്ന് എൻഎച്ച്സിയുടെ കീഴിൽ വരുന്ന ചൈന പോപ്പുലേഷൻ ആന്റ് ഡെവലപ്പ്മെന്റ് റിസർച്ച് സെന്റർ പറയുന്നു. 2023ൽ ചൈന തുടർച്ചയായ രണ്ടാം വർഷവും ജനസംഖ്യ ഇടിവ് രേഖപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെ കുട്ടികളുണ്ടാവുന്നതിന് യുവദമ്പതികളെ ചൈന പ്രോത്സാഹിപ്പിക്കുന്നുണ്ട്. കുട്ടികളുണ്ടാവുന്നതിനെ ചുറ്റിപ്പറ്റിയുള്ള ഭയവും വിമുഖതയും മനസിലാക്കുകയും ആത്യന്തികമായി ഫെർട്ടിലിറ്റി പിന്തുണയും പ്രോത്സാഹന നടപടികളും സ്വീകരിക്കുകയുമാണ് സർവേ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
2021-ലാണ് അവസാനമായി രാജ്യവ്യാപകമായി കുടുംബ, ഫെർട്ടിലിറ്റി സർവേ നടത്തിയത്. ഒക്‌ടോബർ 10 മുതൽ നവംബർ വരെ രാജ്യവ്യാപകമായി സാമ്പിൾ സർവേ നടത്തുമെന്ന് ചൈനയുടെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചതിന് പിന്നാലെയാണിത്.
"അനുയോജ്യമായ പ്രായത്തിൽ " വിവാഹവും പ്രസവവുമെന്ന വാദത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ചൈനീസ് ആരോഗ്യ വകുപ്പ് സെപ്റ്റംബറിൽ പറഞ്ഞിരുന്നു. കൂടാതെ "വിവാഹം, പ്രസവം, കുടുംബം എന്നിവയെക്കുറിച്ചുള്ള പോസിറ്റീവ് വീക്ഷണങ്ങളിലേക്ക്" യുവാക്കളെ നയിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ മാതാപിതാക്കൾ നൽകണമെന്നും ആരോഗ്യ വകുപ്പ് പറയുന്നു.