TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപിന് ചൈനയുടെ തിരിച്ചടി;  ആഗോള ഓഹരി വിപണിയില്‍ തകര്‍ച്ച

05 Apr 2025   |   1 min Read
TMJ News Desk

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച തീരുവകള്‍ക്ക് പകരമായി ചൈന തീരുവ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആഗോള ഓഹരിവിപണികളില്‍ തകര്‍ച്ച. അതേസമയം, ചൈനയുടെ കളി തെറ്റായിപ്പോയെന്ന വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തി.

യുഎസിലെ മൂന്ന് പ്രമുഖ ഓഹരി സൂചികകളും 5 ശതമാനത്തില്‍ കൂടുതല്‍ ഇടിഞ്ഞു. 2020ലെ കോവിഡ് കാലയളവിലെ മോശം പ്രകടനത്തിനുശേഷമുള്ള ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ട ആഴ്ച്ചയാണ് യുഎസ് ഓഹരി വിപണി നേരിട്ടത്. ഈ ആഴ്ച്ചയില്‍ എസ് & പി 500 ഏകദേശം 9 ശതമാനവും നാസ്ദാക്ക് 10 ശതമാനവും ഡൗ ജോണ്‍സ് 7.86 ശതമാനവും ഇടിഞ്ഞു.

ചൈന 34 ശതമാനം അധിക തീരുവകള്‍ ആണ് യുഎസ് ചരക്കുകള്‍ക്കുമേല്‍ പ്രഖ്യാപിച്ചത്. ഇത് ആഗോള വ്യാപാര യുദ്ധം വഷളാക്കി.

തന്റെ നയങ്ങള്‍ തിരുത്തില്ലെന്ന് ട്രംപ് പറഞ്ഞു. ഫെഡറല്‍ നിരക്കുകള്‍ കുറയ്ക്കണമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, സാമ്പത്തികമാന്ദ്യം ഉണ്ടാകുമെന്ന ഭീതിയിലാണ് നിക്ഷേപകര്‍.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള സാമ്പത്തിക സംഘര്‍ഷത്തില്‍ അപൂര്‍വ ലോഹങ്ങളുടെ കയറ്റുമതിയിലും ചൈന നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടാതെ ചൈന 11 യുഎസ് സ്ഥാപനങ്ങളെ വിശ്വസിക്കാന്‍ കൊള്ളാത്ത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന തായ് വാന് ആയുധങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെ അടക്കം ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ ആഗോള സമ്പദ് വ്യവസ്ഥ സാമ്പത്തികമാന്ദ്യത്തിലേക്ക് വീഴാനുള്ള സാധ്യത 60 ശതമാനമാണെന്ന് നിക്ഷേപക ബാങ്കായ ജെ പി മോര്‍ഗന്‍ കണക്കുകൂട്ടുന്നു. നേരത്തെ 40 ശതമാനം എന്നാണ് കണക്കാക്കിയിരുന്നത്. നിക്ഷേപകര്‍ ഉരുളയ്ക്കുപ്പേരി പോലെയുള്ള വ്യാപാര യുദ്ധ സാഹചര്യത്തെ ഭയക്കുന്നുവെന്ന് ലണ്ടനിലെ ട്രഡിഷനിലെ മാര്‍ക്കറ്റ്, ഇക്വിറ്റി സ്ട്രാറ്റജിസ്റ്റായ സ്റ്റെഫാനെ ഇകോളോ പറഞ്ഞു.

ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍സിന്റെ എംപിമാര്‍ തീരുവയ്‌ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഈ തീരുവകള്‍ യുഎസ് സമ്പദ് വ്യവസ്ഥയ്ക്കും റിപ്പബ്ലിക്കന്‍സിന്റെ രാഷ്ട്രീയ ഭാവിക്കും മേല്‍ കരിനിഴല്‍ വീഴ്ത്തുന്നുവെന്ന് ട്രംപിനെ പിന്തുണക്കുന്ന സെനറ്റര്‍ ടെഡ് ക്രൂസ് പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ ഉയര്‍ത്തുന്ന വ്യാപാര തടസ്സങ്ങളെ നീക്കം ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ തീരുവയിലൂടെ ട്രംപിന് കഴിയുമെന്ന ശുഭാപ്തി വിശ്വാസം ക്രൂസ് പ്രകടിപ്പിച്ചു. എന്നാല്‍, വളരെക്കാലം നിലനില്‍ക്കുന്ന വ്യാപാര യുദ്ധം അമേരിക്കക്കാരെ ഭീകരമായി ബാധിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.


#Daily
Leave a comment