PHOTO: PTI
ചൈനയിലെ രോമ ഫാമുകള്‍ ഭീഷണിയാകുന്നു; മനുഷ്യരിലേക്കുള്ള രോഗസാധ്യത ഏറുന്നു
ചൈനയിലെ റാക്കൂണ്‍ നായ്ക്കള്‍, കുറുക്കന്‍, മിങ്ക് എന്നിവയെ പാര്‍പ്പിക്കുന്ന അഞ്ച് രോമഫാമുകളില്‍ നടത്തിയ പഠനത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2023 അവസാനത്തോടെ മൃഗസംരക്ഷണ ഗ്രൂപ്പായ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ (എച്ച്എസ്‌ഐ) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മൃഗങ്ങളിലെ ഉയര്‍ന്ന സ്റ്റോക്കിംഗ് സാന്ദ്രത മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും വൈറസുകള്‍ വേഗത്തില്‍ പടരാന്‍ ഇടയാക്കുന്നതായി സറേ സര്‍വകലാശാലയിലെ വെറ്ററിനറി സ്‌കൂളിലെ വിസിറ്റിംഗ് പ്രൊഫസര്‍ അലസ്റ്റര്‍ മക്മില്ലന്‍ പറഞ്ഞു.
വടക്കന്‍ ചൈനയിലെ ഹെബെയ്, ലിയോണിംഗ് പ്രവിശ്യകളിലെ ഫാമുകളില്‍ 2,000 നും 4,000 നും ഇടയില്‍ മൃഗങ്ങളെ വൃത്തിഹീനമായ സാഹചര്യത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കുള്ള വൈറസിന്റെ ദ്രുതഗതിയിലുള്ള ചംക്രമണം മനുഷ്യനില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. പല ഫാമുകളിലും ചെറിയ കൂടുകളിലായി തിക്കിനിറച്ചാണ് മൃഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത്. മൃഗങ്ങള്‍ കൂടുകള്‍ക്കുള്ളില്‍ കിടന്ന് മുകളിലേക്കും താഴേക്കും നിരങ്ങി നീങ്ങുന്നത് മൃഗങ്ങളിലെ മാനസികസംഘര്‍ഷങ്ങളുടെ ഭാഗമായാണെന്നാണ് വെറ്ററിനറി വിദഗ്ധര്‍ പറയുന്നത്.
രോമങ്ങള്‍ക്കായി വളര്‍ത്തുന്ന മൃഗങ്ങളില്‍ നിന്ന് മനുഷ്യരില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ രോഗവ്യാപന സാധ്യത ഉയര്‍ത്തുന്നത് ആശങ്കാജനകമാണെന്ന് മാക്മില്ലന്‍ പറഞ്ഞു. എന്നാല്‍ ഫാമുകളിലെ വൃത്തിഹീനമായ സാഹചര്യത്തെ കുറിച്ചോ രോഗം പടരാനുള്ള സാധ്യതകളെ കുറിച്ചോ ചൈനയുടെ കൃഷി, ഗ്രാമീണ കാര്യമന്ത്രാലയങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കോവിഡ് 19 ന്റെ ആദ്യകാലങ്ങളില്‍ തയ്യാറാക്കിയ ഡാറ്റ പ്രകാരം കൊറോണ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നുപിടിച്ചതില്‍ റാക്കൂണ്‍ നായ്ക്കള്‍ക്കും പങ്കുണ്ടായിരുന്നതായാണ് കണ്ടെത്തല്‍.