
തായ്‌വാനെ വളഞ്ഞ് ചൈനയുടെ സൈന്യം
ചൈന തായ്‌വാന് ചുറ്റിലും വന്‍സൈനികാഭ്യാസം ആരംഭിച്ചു. കര, നാവിക, റോക്കറ്റ് സേനകള്‍ അഭ്യാസത്തില്‍ പങ്കെടുക്കുന്നു. തായ്‌വാന്റെ സ്വാതന്ത്ര്യ മോഹങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് അഭ്യാസമെന്ന് ചൈന പറഞ്ഞു. തായ്‌വാന്റെ പ്രസിഡന്റ് ലായ് ചിങ്-ടെയെ ഇത്തിള്‍ക്കണ്ണിയെന്നും വിഘടനവാദിയെന്നും ചൈന വിശേഷിപ്പിച്ചു. അതേസമയം, ചൈനയുടെ നാവിക സേനയ്‌ക്കെതിരെ തായ്‌വാന്‍ യുദ്ധകപ്പലുകളെയും യുദ്ധവിമാനങ്ങളേയും അയച്ചിട്ടുണ്ട്.
മൂന്ന് സൈനിക വിഭാഗങ്ങളും വിവിധ ദിശകളില്‍ നിന്നും തായ്‌വാനെ സമീപിക്കുന്നുവെന്ന് ചൈനയുടെ ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ് അറിയിച്ചു. വ്യോമ, നാവിക വിഭാഗങ്ങളുടെ യുദ്ധതയ്യാറെടുപ്പുകള്‍ ഈ അഭ്യാസത്തില്‍ പരിശോധിക്കുമെന്ന് കമാന്‍ഡ് അറിയിച്ചു.
ചൊവ്വാഴ്ച്ച രാവിലെ തായ്‌വാന് ചുറ്റിലുമായി 19 ചൈനീസ് യുദ്ധക്കപ്പലുകളെ കണ്ടെത്തിയെന്ന് തായ്‌വാന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതില്‍ 10ല്‍ അധികം കപ്പലുകള്‍ തായ്‌വാന്റെ 24 നോട്ടിക്കല്‍ മൈലുകള്‍ക്കുള്ളിലാണ്. ഇതിനുള്ള മറുപടിയായി തായ്‌വാന്‍ സൈന്യം യുദ്ധ വിമാനങ്ങളും യുദ്ധകപ്പലുകളും തീരദേശ മിസൈല്‍ സംവിധാനങ്ങളും വിന്യസിച്ചുവെന്ന് മന്ത്രാലയം പറഞ്ഞു.
തായ്‌വാന്‍ തങ്ങളുടെ ഭൂപ്രദേശമാണെന്ന് ചൈന ഏറെക്കാലമായി അവകാശപ്പെടുന്നുണ്ട്. തായ്‌വാന്റെ സ്വാതന്ത്ര്യം എന്നാല്‍ യുദ്ധം എന്നാണ് അര്‍ത്ഥമെന്ന് ബീജിങ്ങിലെ തായ്‌വാന്‍ കാര്യ ഓഫീസ് പറഞ്ഞു. തായ്‌വാനെ സ്വതന്ത്ര രാജ്യമായി കുറച്ച് രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. തായ്‌വാന് സ്വന്തമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും സൈന്യവും കറന്‍സിയും ഉണ്ട്. ചൈനീസ് ഭരണത്തെ തായ്‌വാന്‍ സര്‍ക്കാരും ജനതയും എതിര്‍ക്കുന്നുമുണ്ട്.
തായ്‌വാനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ പ്രൊപ്പഗണ്ട വീഡിയോകളും ചൈന പുറത്തുവിട്ടു. ഇതില്‍ തായ്‌വാന് നേരെ മിസൈല്‍ ആക്രമണം അടക്കമുള്ള പൂര്‍ണ തോതിലുള്ള ആക്രമണങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.


