TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസിനെ ഞെട്ടിച്ച് ചൈനീസ് എഐ കമ്പനി ഡീപ്പ്‌സീക്ക്

28 Jan 2025   |   1 min Read
TMJ News Desk

മേരിക്കയുടെ നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ രംഗത്തെ ഞെട്ടിച്ച് ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഡീപ്പ്‌സീക്ക്. ഒരു വര്‍ഷം മാത്രം പ്രായമുള്ള സ്റ്റാര്‍ട്ടപ്പായ ഡീപ്പ്‌സീക്ക് കഴിഞ്ഞയാഴ്ച്ചയാണ് ചാറ്റ്ജിപിടി പോലുള്ള എഐ മോഡലായ ആര്‍1 റിലീസ് ചെയ്തത്. ചാറ്റ്ജിപിടിക്ക് സമാനമായ സവിശേഷതകളെല്ലാമുള്ള ആര്‍1 ഓപ്പണ്‍എഐയുടേയും ഗൂഗിളിന്റ്റെയും മെറ്റയുടേയും എഐ മോഡലുകളേക്കാള്‍ വളരെ കുറഞ്ഞ ചെലവിലാണ് പ്രവര്‍ത്തിക്കുന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്ന പ്രമുഖ ടെക്ക് നിക്ഷേപകനായ മാര്‍ക്ക് ആന്‍ഡേഴ്‌സണ്‍ ആര്‍1നെ പ്രകീര്‍ത്തിച്ച് എക്‌സില്‍ പോസ്റ്റിട്ടു. താന്‍ കണ്ടിട്ടുള്ളവയില്‍ ഏറ്റവും അത്ഭുതകരവും ഹൃദയഹാരിയുമായ മുന്നേറ്റം എന്ന് അദ്ദേഹം ആര്‍1നെ വിശേഷിപ്പിച്ചു.

ദേശീയ സുരക്ഷ ആശങ്കകള്‍ ചൂണ്ടിക്കാണിച്ച് വര്‍ഷങ്ങളായി അമേരിക്ക ചൈനയ്ക്ക് ആധുനിക എഐ ചിപ്പുകള്‍ ലഭിക്കുന്നത് തടഞ്ഞിരുന്നു. അപ്പോഴാണ്, അധികമാര്‍ക്കും അറിഞ്ഞു കൂടാത്ത എഐ സ്റ്റാര്‍ട്ടപ്പില്‍ നിന്നും കണ്ണഞ്ചിപ്പിക്കുന്ന നേട്ടം പുറത്തുവന്നിരിക്കുന്നത്. തങ്ങളുടെ പക്കലുള്ള എഐ ചിപ്പുകള്‍ക്കുവേണ്ടി ചെലവ് കുറഞ്ഞ മോഡല്‍ വികസിപ്പിക്കാന്‍ ഡീപ്‌സീക്കിന് സാധിച്ചുവെന്നാണ് ഇതിന് അര്‍ത്ഥം.

ആര്‍1ന്റെ അടിസ്ഥാന മോഡല്‍ വികസിപ്പിക്കാന്‍ കേവലം 6.5 മില്ല്യണ്‍ ഡോളറാണ് ചെലവഴിച്ചതെന്ന് ഡീപ്പ്‌സീക്ക് വെളിപ്പെടുത്തിയിരുന്നു. യുഎസ് കമ്പനികള്‍ നൂറുകണക്കിന് മില്ല്യണുകള്‍ അല്ലെങ്കില്‍ ബില്ല്യണുകള്‍ ചെലവഴിച്ചാണ് അവരുടെ എഐ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചത്.

കുറഞ്ഞ ചെലവിലാണ് ആര്‍1 വികസിപ്പിച്ചതെന്ന വാര്‍ത്ത യുഎസ് ഓഹരി വിപണിയില്‍ പ്രത്യേകിച്ച് ടെക്ക് മേഖലയില്‍ ഞെട്ടല്‍ സൃഷ്ടിച്ചു. ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ വിപണി മൂല്യത്തില്‍ ഏകദേശം 600 ബില്ല്യണ്‍ ഡോളറിന്റെ കുറവ് രേഖപ്പെടുത്തി.

സാങ്കേതികവിദ്യ കമ്പനികള്‍ ധാരാളമായുള്ള നാസ്ദാഖ് വിപണി തിങ്കളാഴ്ച്ച 3.1% ഇടിവ് രേഖപ്പെടുത്തി. എസ് ആന്‍ഡ് പി 500 1.5% ഇടിഞ്ഞു.

ഈ വര്‍ഷം എഐ വികസനത്തിനുവേണ്ടി 65 ബില്ല്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് മെറ്റ കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു. എഐ മേഖലയുടെ സങ്കീര്‍ണമായ മോഡലുകളെ പ്രവര്‍ത്തിപ്പിക്കുന്ന ഡാറ്റ സെന്ററുകള്‍ക്ക് ആവശ്യമായ ചിപ്പുകള്‍ വികസിപ്പിക്കാന്‍ ട്രില്ല്യണ്‍ കണക്കിന് ഡോളറുകള്‍ വേണ്ടിവരുമെന്ന് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പറഞ്ഞിരുന്നു.




#Daily
Leave a comment