
ഇന്ത്യ നിരോധിച്ച ചൈനീസ് ഫാഷന്‍ ആപ്പ് ഷീന്‍ റിലയന്‍സ് തിരിച്ചെത്തിച്ചു
അഞ്ചുവര്‍ഷം മുമ്പ് ഇന്ത്യ നിരോധിച്ച ചൈനീസ് ഫാഷന്‍ വസ്ത്ര വ്യാപാര ആപ്പായ ഷീന്‍ റിലയന്‍സ് രാജ്യത്ത് തിരിച്ചെത്തിച്ചു. മുകേഷ് അംബാനി ലൈസന്‍സിങ് ഇടപാടിലൂടെയാണ് ഷീന്‍ ഇന്ത്യയില്‍ തിരിച്ചെത്തിച്ചത്.
ശനിയാഴ്ച്ച റിലയന്‍സ് ആപ്പ് അവതരിപ്പിച്ചു. എന്നാല്‍ ഔദ്യോഗികമായി ലോഞ്ച് പ്രഖ്യാപിച്ചിട്ടില്ല.
2012ല്‍ ചൈനയില്‍ സ്ഥാപിച്ച ആപ്പാണ് ഷീന്‍. പിന്നീട് സിങ്കപ്പൂരിലേക്ക് ആസ്ഥാനം മാറ്റി. വില കുറവുള്ള പാശ്ചാത്യ ശൈലിയിലെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ആപ്പാണിത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്ന് ഡാറ്റ സുരക്ഷാ ആശങ്കകള്‍ മൂലം 2020ല്‍ ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളില്‍ ഒന്നാണ് ഷീന്‍. അക്കാലത്ത് ബൈറ്റ്ഡാന്‍സിന്റെ ടിക് ടോക്കും നിരോധിച്ചിരുന്നു.
ഷീനുമായി കരാറിലെത്തിയ കാര്യം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിരുന്നു. ഷീനിന് കീഴില്‍ ഇന്ത്യന്‍ ഉല്‍പാദകരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നില്ല.
ഫാഷന്‍ ഒജി (ഒറിജിനല്‍) തിരിച്ചെത്തി എന്ന സന്ദേശം ആപ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി, മുംബൈ പോലുള്ള നഗരങ്ങില്‍ മാത്രമായി വിതരണം പരിമിതപ്പെടുത്തിയിരിക്കുന്നു. താമസിയാതെ ദേശവ്യാപകമാക്കും എന്നും സന്ദേശത്തില്‍ പറയുന്നു.
350 രൂപ മുതലുള്ള വസ്ത്രങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. ഷീനിന്റെ വ്യാപാര നാമം ഉപയോഗിക്കുന്നതിന് റിലയന്‍സ് ലൈസന്‍സ് ഫീ നല്‍കും. ഈ വ്യാപാര പങ്കാളിത്തത്തില്‍ ഓഹരി നിക്ഷേപം ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത് നിര്‍മ്മിക്കുന്ന ഷീന്‍ ബ്രാന്‍ഡിലുള്ള വസ്ത്രങ്ങള്‍ വില്‍ക്കും. ഈ വസ്ത്രങ്ങള്‍ പിന്നീട് അജിയോയിലും വില്‍ക്കും. റിലയന്‍സിന്റെ മറ്റൊരു വസ്ത്ര വ്യാപാര കമ്പനിയാണ് അജിയോ.