
യുഎസ് ട്രഷറിയില്‍ നിന്നും ചൈനീസ് ഹാക്കര്‍മാര്‍ രേഖകള്‍ മോഷ്ടിച്ചു
ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ യുഎസ് ട്രഷറി വകുപ്പിന്റെ കംപ്യൂട്ടര്‍ സുരക്ഷാ സംവിധാനങ്ങളെ തകര്‍ത്ത് രേഖകള്‍ മോഷ്ടിച്ചു. സെനറ്റ് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ ഈ മാസം നടന്ന ആക്രമണത്തെ 'വളരെ പ്രധാനപ്പെട്ട സംഭവം' ആണെന്ന് ട്രഷറി വിശേഷിപ്പിക്കുന്നു. ട്രഷറിയുടെ സൈബര്‍സുരക്ഷ നല്‍കുന്ന മൂന്നാംകക്ഷിയായ ബിയോണ്ട് ട്രസ്റ്റിന്റെ സംവിധാനങ്ങളെ ഹാക്കര്‍മാര്‍ മറികടക്കുകയും രേഖകള്‍ എടുക്കുകയും ചെയ്തു.
ട്രഷറി വകുപ്പ് ഓഫീസിന് ക്ലൗഡ്-അധിഷ്ഠിത സേവനം വിദൂരമായി ഉപയോഗിക്കുന്നതിനായി ബിയോണ്ട്ട്രസ്റ്റ് നല്‍കിയിരുന്ന ഒരു കീ ഹാക്കര്‍മാര്‍ക്ക് ലഭിച്ചു. മോഷ്ടിച്ച കീ ഉപയോഗിച്ച് ബിയോണ്ട്ട്രസ്റ്റിന്റെ സുരക്ഷയെ മറികടന്ന് ട്രഷറിയുടെ ഉപയോക്താക്കളുടെ കംപ്യൂട്ടറുകളില്‍ പ്രവേശിക്കുകയും അവര്‍ കൈകാര്യം ചെയ്തിരുന്ന ചില അണ്‍ക്ലാസിഫൈഡ് രേഖകള്‍ എടുക്കുകയും ചെയ്തു.
ഡിസംബര്‍ 8ന് ഉദ്യോഗസ്ഥര്‍ ബിയോണ്ട്ട്രസ്റ്റിനെ സുരക്ഷാ വീഴ്ച്ച അറിയിച്ചു. യുഎസ് സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഏജന്‍സി, എഫ്ബിഐ എന്നിവയോട് ചേര്‍ന്ന് ബിയോണ്ട്ട്രസ്റ്റ് ആക്രമണത്തിന്റെ ആഘാതത്തെ കുറിച്ച് വിലയിരുത്തിയെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ആരോപണം വാഷിങ്ടണിലെ ചൈനീസ് എംബസി നിഷേധിച്ചു.