
ജയിലില്‍ നീതി തേടി നിരാഹാരവുമായി ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍
പൗരാവകാശങ്ങള്‍ക്കും, സുതാര്യതക്കുമായി സ്ഥാപിച്ച ന്യൂ സിറ്റിസണ്‍സ് മൂവ്‌മെന്റിന്റെ സ്ഥാപകനാണ് അഭിഭാഷകനായ സൂ ഷിയോങ്. ഒരു മാസത്തോളമായി അദ്ദേഹം ജയിലില്‍ നിരാഹാരം നടത്തുകയാണ്. ആക്ടിവിസ്റ്റുകളും, അഭിഭാഷകരും അടങ്ങിയതാണ് ഈ കൂട്ടായ്മ. ഇതിന്റെ സ്ഥാപകനായ സൂ ഷിയോങ് നാല് വര്‍ഷമായി ജയിലില്‍ ആണ്. ഒക്ടോബര്‍ നാല് മുതല്‍ സൂ നിരാഹാരം ആരംഭിച്ചതായി ചൈനീസ് ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫെന്‍ഡേഴ്‌സ് (സിഎച്ആര്‍ഡി) അറിയിച്ചു.
ജയിലിലുള്ള സഹ തടവുകാരുടെ മോശം പെരുമാറ്റം, കുടുംബത്തെ കാണാന്‍ അനുവദിക്കുന്നില്ല എന്നീ കാരണങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടാണ് സൂ നിരാഹാരം തുടരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഷാന്‍ഡോങ് പ്രവിശ്യയിലെ ലൂനാന്‍ ജയിലില്‍ 2020 ഫെബ്രുവരി മുതല്‍ സൂ തടവില്‍ കഴിയുകയാണ്.
പൗര സമൂഹത്തെക്കുറിച്ചും, സമകാലിക കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ അഭിഭാഷകരും, ആക്ടിവിസ്റ്റുകളും 2019 ഡിസംബറില്‍ ഒത്തുകൂടിയിരുന്നു. അനൗപചാരികമായി സംഘടനാ ഒത്തുകൂടിയതിന്റെ പേരില്‍, സൂവിനെയും മറ്റൊരു അഭിഭാഷകനായ ഡിംഗ് ജിയാക്‌സിയും ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്ത നിരവധി പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരിന്നു ഇവരെ അറസ്റ്റ് ചെയ്തതും തടവിലാക്കിയതും. സൂവിന് 14 വര്‍ഷവും, ഡിംഗിന് 12 വര്‍ഷവുമാണ് തടവ് ശിക്ഷ വിധിച്ചത്.
ഒക്ടോബര്‍ 23ന് ഒരു ബന്ധുവുമായി ഫോണില്‍ സംസാരിക്കാന്‍ സൂവിന് കഴിഞ്ഞു. എന്നാല്‍ അടുത്തിടെ ജയിലില്‍ നിന്ന് മോചിതയായ ആക്ടിവിസ്റ്റും, സൂവിന്റെ പങ്കാളിയുമായ ക്വിയോച്ചുവുമായി സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറഞ്ഞു.
എന്റെ നിരാഹാര സമരത്തെക്കുറിച്ച് നിങ്ങള്‍ ക്വിയോച്ചുവിനോടും, എന്റെ സുഹൃത്തുക്കളോടും പറയണം. അല്ലാത്തപക്ഷം എന്റെ നിരാഹാര സമരം വെറുതെയാകും. ക്വിയോച്ചുവും ഞാനും തമ്മിലുള്ള ആശയവിനിമയത്തിനുള്ള അവകാശം ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് സൂവിനെ ഉദ്ധരിച്ചു അനുയായികള്‍ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് സൂ ജയിലിലാകുന്നത്. ക്രമസമാധാനം തകര്‍ക്കാന്‍ ജനക്കൂട്ടത്തെ സംഘടിപ്പിച്ചു എന്ന കുറ്റത്തിന് 2014-ല്‍ അദ്ദേഹത്തെ നാല് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
ഇത് സൂവിന്റെ രണ്ടാമത്തെ ജയില്‍വാസമാണ്. അദ്ദേഹം തീര്‍ച്ചയായും ചൈനീസ് ജയിലുകളില്‍ നിന്നും, തടവുകാരില്‍ നിന്നും പീഡനം നേരിടുന്ന പുതിയ ആളല്ല. എന്നാല്‍ അത്ര കഠിനമായും, മോശമായും ആണ് അവിടെ ഉള്ളവര്‍ സൂവിനോട് പെരുമാറുന്നത് എന്നതിന്റെ ഉദാഹരണമാണ് സൂവിന്റെ നിരാഹാരം എന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ അസോസിയേറ്റ് ചൈന ഡയറക്ടര്‍ മായ വാങ് പറഞ്ഞു.
സൂ ഷിയാങ് അപ്രത്യക്ഷമാകണമെന്നും, ആരും അദ്ദേഹത്തെ ഓര്‍ക്കരുതെന്നും ചൈനീസ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു എന്ന് മനുഷ്യാവകാശ അഭിഭാഷകനും സൂവിന്റെ സുഹൃത്തുമായ ലി ഫാങ്പിംഗ് പറഞ്ഞു.11 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച, സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവായ ആക്ടിവിസ്റ്റ് ലിയു സിയാവോബോയുടെ മരണത്തിന് ശേഷം, ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യവകാശ പ്രവര്‍ത്തകനായാണ് സൂവിനെ കണക്കാക്കുന്നത്.


