ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ചൈനീസ് ഭൂപടം: പ്രധാനമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് രാഹുല്‍ ഗാന്ധി
ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ലഡാക്കില്‍ ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞത് നുണയാണെന്നും ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
അരുണാചല്‍ പ്രദേശും അക്‌സായി ചിന്‍ മേഖലയും ഉള്‍പ്പെടുത്തി ചൈന ഔദ്യോഗിക ഭൂപടം പുറത്തിറക്കിയതിനു പിന്നാലെയാണ് രാഹുല്‍ വിമര്‍ശനവുമായി രംഗത്തുവന്നത്. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയത് ഗൗരവമുള്ളതാണെന്നും രാഹുല്‍ പറഞ്ഞു.
വര്‍ഷങ്ങളായ അതിക്രമം
ലഡാക്കില്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ചു കയറിയിരിക്കുകയാണ്. ഇക്കാര്യം അവിടെ താമസിക്കുന്നവര്‍ക്കറിയാം. താന്‍ ഇതേക്കുറിച്ച് വര്‍ഷങ്ങളായി പറയുന്നതാണ്. അരുണാചല്‍ പ്രദേശ്, അക്‌സായ് ചിന്‍, തയ്‌വാന്‍, ദക്ഷിണ ചൈനാക്കടല്‍ തുടങ്ങിയ സ്ഥലങ്ങള്‍ തങ്ങളുടെ പ്രദേശമായി കാണിച്ചുള്ള ഭൂപടമാണ് ചൈന പുറത്തുവിട്ടിരിക്കുന്നത്. ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയില്‍ നടന്ന സര്‍വെയിങ് ആന്‍ഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിങ് ബോധവത്കരണ പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷവേളയിലാണ് ചൈന ഭൂപടം പുറത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടെ ഭാഗമായി ഉള്‍പ്പെടുത്തി തിങ്കളാഴ്ചയാണ് ചൈന 2023 ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലെത്താനിരിക്കെയാണ് ഭൂപടം ഇറക്കിയിരിക്കുന്നത്. ചൈനയുടെ പ്രകൃതി മന്ത്രാലയമാണ് ഭൂപടം പുറത്തിറക്കിയത്.
വാദം നിഷേധിച്ച് ഇന്ത്യ
ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ രംഗത്തുവന്നു. ചൈനീസ് നിലപാടിനെതിരെ സ്വതന്ത്രചാനല്‍ വഴി ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്തം ബാക്ചി പറഞ്ഞു. അടിസ്ഥാനരഹിതമായ അവകാശ വാദങ്ങളെ തള്ളുന്നതായും ചൈനയുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികള്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി20 യില്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ലോകനേതാക്കളുടെ കൂട്ടായ്മയ്ക്കിടെ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഭൂപടം പുറത്തിറക്കിയ ചൈനയുടെ നടപടികളോടെ പരുങ്ങലിലായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ അരുണാചല്‍പ്രദേശിലെ 11 സ്ഥലങ്ങള്‍ക്ക് ചൈന പേരുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെയും ഇന്ത്യ എതിര്‍ത്തിരുന്നു.