TMJ
searchnav-menu
post-thumbnail

ഷി ജിന്‍പിംഗ് | Photo: PTI

TMJ Daily

ഷി ജിന്‍പിംഗ് റഷ്യ സന്ദര്‍ശിക്കുന്നു

18 Mar 2023   |   1 min Read
TMJ News Desk

ഷ്യ-ചൈന സഖ്യം കൂടുതല്‍ ദൃഢകരമാവുന്നതിന്റെ സൂചന നല്‍കി ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിംഗ് തിങ്കളാഴ്ച്ച റഷ്യയിലെത്തും. മാര്‍ച്ച് 20 മുതല്‍ 22 വരെയുള്ള സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ഐക്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതിന് വഴിയൊരുക്കുമെന്നു കരുതപ്പെടുന്നു. റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമർ പുടിനും ഷിയും തമ്മിലുള്ള ഉന്നതതല ചര്‍ച്ചയില്‍ യുക്രൈന്‍ യുദ്ധം പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യ നടത്തിയ യുക്രൈന്‍ അധിനിവേശം ലോകസമാധാനത്തിനു തന്നെ ഭീഷണിയായി മാറിയെന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. യുക്രൈനെ മറയാക്കി റഷ്യക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യം സഖ്യം നടത്തുന്ന പ്രോക്‌സി യുദ്ധമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണമെന്ന റഷ്യന്‍ വിലയിരുത്തലിനോട് ഏതാണ്ട് യോജിക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചിട്ടുള്ളത്. രാജ്യസുരക്ഷയെക്കുറിച്ചുള്ള റഷ്യയുടെ ഉത്ക്കണ്ഠകള്‍ കൂടി കണക്കിലെടുക്കുന്നതിലൂടെ മാത്രമേ മേഖലയില്‍ സമാധാനത്തിന് വഴിയൊരുങ്ങകയെന്ന നിലപാടും ചൈന പുലര്‍ത്തുന്നു. റഷ്യ പൂര്‍ണ്ണമായും യുക്രെനില്‍ നിന്നും പിന്മാറണമെന്ന അമേരിക്കയുടെയും പാശ്ചാത്യ സഖ്യത്തിന്റെയും നിലപാടില്‍ നിന്നും വ്യത്യസ്തമാണ് ചൈനയുടെ സമീപനം.

2019 നു ശേഷം ആദ്യമായാണ് ചൈനീസ് നേതാവ് റഷ്യയില്‍ ഔദ്യോഗികമായ സന്ദര്‍ശനം നടത്തുന്നത്. പുടിന്റെ ക്ഷണം സ്വീകരിച്ചാണ് ഷി സന്ദര്‍ശനത്തിനെത്തുന്നത്. കഴിഞ്ഞ വര്‍ഷം ചൈനയിസെ ബെയ്ജിംഗില്‍ വച്ചു നടന്ന ശീതകാല ഒളിംപിക്‌സ് ഉദ്ഘാടന വേളയിലും ഉസ്ബകിസ്ഥാനില്‍ ചേര്‍ന്ന പ്രാദേശിക സുരക്ഷ സമ്മേളന വേളയിലും ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സാമ്പത്തികവും, സൈനികവും, നയതന്ത്രപരവുമായ വിഷയങ്ങള്‍ നിലവിലുള്ള ആഗോള ഭൗമ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്നു കരുതപ്പെടുന്നു.

പുടിന് എതിരെ അറസ്റ്റ് വാറണ്ട്

ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിംഗിന്റെ റഷ്യ സന്ദര്‍ശനത്തിന് തൊട്ടു മുമ്പ് റഷ്യന്‍ പ്രസിഡണ്ട്  വ്ലാഡിമർ പുടിനെതിരെ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു. കുഞ്ഞുങ്ങളെ യുക്രൈനില്‍ നിന്നും നിയമവിരുദ്ധമായി റഷ്യയിലേക്ക് കടത്തിയതടക്കമുള്ള യുദ്ധകുറ്റങ്ങള്‍ ആരോപിച്ചാണ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ചുള്ള എല്ലാ ആരോപണങ്ങളും റഷ്യ തള്ളിക്കളഞ്ഞു.


#Daily
Leave a comment