TMJ
searchnav-menu
post-thumbnail

TMJ Daily

വയനാട് നെന്മേനിയില്‍ കോളറ സ്ഥിരീകരിച്ചു

30 Aug 2024   |   1 min Read
TMJ News Desk

യനാട് നെന്മേനിയില്‍ യുവാവിന് കോളറ സ്ഥിരീകരിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഗലക്ഷണങ്ങളോടെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചത്. നെന്മേനി പഞ്ചായത്തിലെ മുരിക്കിലാടി ഊര് നിവാസിയാണ് രോഗബാധിതന്‍. നിലവിലെ സംഭവത്തോടെ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം പത്തും ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപതായും ഉയര്‍ന്നു. നൂല്‍പ്പുഴ പഞ്ചായത്തിലെ കുണ്ടാണംകുന്ന്, വള്ളുവാടി ഊരുകളിലുള്ളവരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. 

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

മുരിക്കിലാടിയില്‍ നിന്നുള്ള മറ്റൊരാളെക്കൂടി രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും അറിയിച്ചു. ആശാവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. രക്ത സാമ്പിള്‍ ശേഖരിച്ചുകൊണ്ടുള്ള പരിശോധനകളും തുടരുകയാണ്.  മുരിക്കിലാടി ഭാഗത്ത് നിന്നും ആളുകളോട് പുറത്തുപോകരുതെന്നും നിര്‍ദ്ദേശമുണ്ട്. നൂല്‍പ്പുഴ പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും തുടരുകയാണ്. ജലജന്യരോഗങ്ങള്‍ തടയാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കോളറ നിയന്ത്രണ വിധേയമാണെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പ്.




#Daily
Leave a comment