TMJ
searchnav-menu
post-thumbnail

PHOTO: FACEBOOK

TMJ Daily

ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷം; റഷ്യന്‍ ആചാരം തിരുത്തി യുക്രൈന്‍

25 Dec 2023   |   1 min Read
TMJ News Desk

ദ്യമായി ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിച്ച് യുക്രൈന്‍ ജനത. റഷ്യന്‍ ആചാര പ്രകാരം ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് ജനുവരി ഏഴിനാണ് സാധാരണ ക്രിസ്മസ് ആഘോഷിക്കാറുള്ളത്. എന്നാല്‍ ആഷോഷത്തിന്റെ തീയതി സര്‍ക്കാര്‍ ഡിസംബര്‍ 25 ലേക്ക് മാറ്റുകയായിരുന്നു. ക്രിസ്മസ് ഒരേ ദിനത്തില്‍ ഒരു വലിയ കുടുംബമായി ഒരുമയുള്ള രാജ്യമായി ഒന്നിച്ച് ആഘോഷിക്കുകയാണെന്നും എല്ലാ യുക്രൈന്‍ പൗരന്മാരും ഒറ്റക്കെട്ടാണെന്നും പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 25 ന് നടത്തുന്നതിനുള്ള നീക്കങ്ങള്‍ യുക്രൈന്‍ ആരംഭിച്ചിരുന്നു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ പാരമ്പര്യം അനുസരിച്ച് ജനുവരി ഏഴിനായിരുന്നു യുക്രൈന്‍ ജനത ഇതുവരെ ക്രിസ്മസ് ആഘോഷിച്ചിരുന്നത്. റഷ്യയുടെ കടന്നുകയറ്റത്തിലുള്ള വിയോജിപ്പ് പ്രകടമാക്കുന്നതിനാണ് ക്രിസ്മസ് ഡിസംബര്‍ 25 നു തന്നെ യുക്രൈന്‍ ആഘോഷിക്കുന്നത്. ഇതുസംബന്ധിച്ച പുതിയ ബില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ഓഗസ്റ്റില്‍ അവതരിപ്പിച്ചിരുന്നു. ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന റഷ്യന്‍ രീതിയെ അവഗണിക്കുകയാണ് നിയമത്തിലൂടെ യുക്രൈന്‍ ലക്ഷ്യമിട്ടത്. 

റഷ്യന്‍ ആധിപത്യത്തിനെതിരെ 

ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗേറിയന്‍ കലണ്ടറിനേക്കാള്‍ പഴയ ജൂലിയന്‍ കലണ്ടറാണ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ പിന്തുടരുന്നത്. ജൂലിയന്‍ കലണ്ടര്‍ ഗ്രിഗോറിയന്‍ കലണ്ടറിനേക്കാള്‍ 13 ദിവസം പിറകിലാണ്. അതുകൊണ്ടുതന്നെ ഗ്രിഗോറിയന്‍ കലണ്ടറിലെ ഡിസംബര്‍ 25 നു തുല്യമായ  ജൂലിയന്‍ കലണ്ടറിലെ ജനുവരി ഏഴിനാണ് ഇതുവരെ യുക്രൈന്‍ ക്രിസ്മസ് ആഘോഷിച്ചത്. 2022 ല്‍ പൊട്ടിപ്പുറപ്പെട്ട റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടയില്‍ റഷ്യയുടെ ഭരണരീതികളില്‍ നിന്നും അകന്നുനില്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ മാറ്റം. 

പതിനേഴാം നൂറ്റാണ്ടു മുതല്‍ മറ്റ് സോവിയറ്റ് യൂണിയന്‍ രാജ്യങ്ങള്‍ക്കൊപ്പം യുക്രൈന്‍ മോസ്‌കോയുടെ ആത്മീയ നേതൃത്വത്തിന് കീഴിലായിരുന്നു. 2022 ല്‍ മോസ്‌കോയുമായുള്ള ബന്ധം വിച്ഛേദിച്ചെങ്കിലും ക്രിസ്മസ് തീയതി മാറ്റിയതീരുമാനം ശ്രദ്ധേമാണ്. നൂറ്റാണ്ടുകളായി യുക്രൈനില്‍, റഷ്യന്‍ ആധിപത്യം നിലനില്‍ക്കുന്നതിനാല്‍ പരമ്പരാഗതമായി റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അധികാരത്തിന്‍ കീഴിലാണ് യുക്രൈനിലെ പള്ളികള്‍. റഷ്യന്‍ നയങ്ങളോട് കൂറുപുലര്‍ത്തിയിരുന്ന സഭയ്ക്ക് യുക്രൈന്റെ പുതിയ തീരുമാനം കനത്ത പ്രഹരമാണ്. യുക്രൈനിലെ ഓര്‍ത്തഡോക്‌സ് സംഘടനകള്‍ തമ്മിലുള്ള വിഭജനം പതിറ്റാണ്ടുകളായി നിലവിലുള്ളതാണ്. റഷ്യന്‍ അധിനിവേശത്തിനുശേഷം അത് തീവ്രമാവുകയായിരുന്നു. പുതിയ നിയമപ്രകാരം യുക്രൈന്‍ സംസ്ഥാനദിനം ജൂലൈ 28 ല്‍ നിന്ന് ജൂലൈ 15 ലേക്കും മാറും.


#Daily
Leave a comment