TMJ
searchnav-menu
post-thumbnail

TMJ Daily

കോവിഡ് 19 വൈറസ് ലാബ് നിര്‍മ്മിതമെന്ന് സിഐഎ; പക്ഷേ സ്വന്തം കണ്ടെത്തലില്‍ അത്ര വിശ്വാസം പോര

26 Jan 2025   |   1 min Read
TMJ News Desk

കോവിഡ് 19 മഹാമാരിക്ക് കാരണമായ വൈറസ് പരീക്ഷണശാലയില്‍ നിന്നും ഉല്‍ഭവിച്ചതാകാനാണ് സാധ്യതയെന്ന് യുഎസ് ചാര സംഘടനയായ സിഐഎ കരുതുന്നുവെന്ന് സംഘടനയുടെ ഏറ്റവും പുതിയ അവലോകനം. എന്നാല്‍ സ്വന്തം കണ്ടെത്തലില്‍ വിശ്വാസം കുറവാണെന്നും അവര്‍ സമ്മതിക്കുന്നു.

ഈ കണ്ടെത്തല്‍ ഏതെങ്കിലും പുതിയ ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചത് കൊണ്ടല്ല. ബൈഡന്‍ ഭരണകൂടത്തിന്റെ കാലയളവില്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത് മുന്‍ സിഐഎ ഡയറക്ടറായ വില്ല്യം ബേണ്‍സ് ആണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം പുതിയ സിഐഎ തലവന്‍ ജോണ്‍ റാറ്റ്ക്ലിഫ് ഇന്നലെ ഡീക്ലാസിഫൈ ചെയ്ത് റിപ്പോര്‍ട്ട് പുറത്തുവിടുകയായിരുന്നു.

തെളിവുകളുടെ സമ്പൂര്‍ണതയെ അടിസ്ഥാനമാക്കി പ്രകൃതിദത്തമായ ഉല്‍ഭവത്തേക്കാള്‍ കൂടുതല്‍ സാധ്യത പരീക്ഷണ ശാലയില്‍ നിന്നാകുമെന്ന് ഏജന്‍സി വിശ്വസിക്കുന്നു. എന്നാല്‍, തെളിവുകള്‍ ദുര്‍ബലമാണെന്നും അപൂര്‍ണമാണെന്നും വൈരുദ്ധ്യം നിറഞ്ഞതാണെന്നും ഏജന്‍സിയുടെ അവലോകന വിദഗ്ദ്ധര്‍ കരുതുന്നു.

കൊറോണ വൈറസ് ചൈനയിലെ പരീക്ഷണ ശാലയില്‍ നിന്ന് അബദ്ധത്തില്‍ പുറത്ത് വന്നതാണും അതല്ല സ്വാഭാവികമായി ഉല്‍ഭവിച്ചതാണെന്നും ഉള്ള വാദങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പുതിയ വിലയിരുത്തലും ഈ ചര്‍ച്ച അവസാനിപ്പിക്കുന്നില്ല. ചൈനീസ് അധികൃതരുടെ നിസ്സഹകരണം കാരണം ഈ തര്‍ക്കം ഒരിക്കലും പരിഹരിക്കുകയില്ലെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.


#Daily
Leave a comment