സൈഫര്‍ കേസ്: ഇമ്രാന്‍ ഖാന്റെ കസ്റ്റഡി കാലാവധി സെപ്തംബര്‍ 13 വരെ നീട്ടി
സൈഫര്‍ കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി പ്രത്യേക കോടതി. സെപ്തംബര്‍ 13 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് നയതന്ത്ര ചാനലിലൂടെയുള്ള രഹസ്യവിവരം ദുരുപയോഗം ചെയ്യുകയും വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്ത കേസിലാണ് നടപടി.
ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് കേസില്‍ പ്രത്യേക കോടതി സ്ഥാപിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ നിയമവകുപ്പിന്റെ പ്രത്യേക അനുമതിയോടെ അറ്റോക് ജില്ലാ ജയിലിലാണ് ജഡ്ജി ഹസ്‌നത്ത് സുല്‍ഖര്‍നൈന്‍ വാദം കേട്ടത്.
സൈഫര്‍ കേസ്
ഏതെങ്കിലും തരത്തിലുള്ള കോഡ് ഭാഷയില്‍ എഴുതപ്പെട്ട രഹസ്യവും നിയന്ത്രിതവുമായ നയതന്ത്ര ആശയവിനിമയമാണ് സൈഫര്‍. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സൈഫറുകള്‍ വഴി അതീവ രഹസ്യമായ വിവരങ്ങള്‍ കൈമാറിയെന്നാണ് ഇമ്രാന്‍ ഖാനെതിരായ ആരോപണം. സ്വന്തം നേട്ടങ്ങള്‍ക്കായി വാഷിങ്ടണിലെ പാകിസ്ഥാന്‍ എംബസിയിലേക്ക് രഹസ്യവിവരങ്ങള്‍ അയച്ചുവെന്നാണ് കണ്ടെത്തല്‍.
തോഷഖാന അഴിമതിക്കേസില്‍ അറസ്റ്റിലായതോടെ ഓഗസ്റ്റ് അഞ്ച് മുതല്‍ ജയിലിലാണ് ഇമ്രാന്‍. കഴിഞ്ഞദിവസമാണ് കേസില്‍ മൂന്നുവര്‍ഷം തടവുശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി വിധി പറഞ്ഞത്. സൈഫര്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇമ്രാന്‍ ജയിലില്‍ തന്നെ തുടരുകയായിരുന്നു.
തോഷഖാന കേസ്
പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ലഭിച്ച വിലയേറിയ സമ്മാനങ്ങള്‍ പൊതുഖജനാവില്‍ ഏല്‍പിക്കാതെ മറിച്ചുവിറ്റ് വലിയ രീതിയില്‍ ലാഭമുണ്ടാക്കി എന്ന ആരോപണമാണ് തോഷഖാന അഴിമതി കേസിന്റെ അടിസ്ഥാനം. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച അതിഥികളില്‍ നിന്നും പ്രധാനമന്ത്രിയെന്ന നിലയില്‍ പാരിതോഷികങ്ങള്‍ വാങ്ങി മറിച്ചുവിറ്റുവെന്നാണ് കേസ്. 6,35,000 ഡോളര്‍ വിലമതിക്കുന്ന പാരിതോഷികങ്ങള്‍ വാങ്ങുകയും മറിച്ച് വില്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇമ്രാനെതിരെ ആദ്യം നടപടി എടുത്തത്. കേസില്‍ മൂന്നു വര്‍ഷത്തെ തടവും ഒരുലക്ഷം രൂപ പിഴയുമായിരുന്നു കോടതി വിധിച്ചത്.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഇമ്രാന്‍ ഖാന്റെ പേരില്‍ നിലവില്‍ ഇരുന്നൂറോളം കേസുകളാണ് ഉള്ളത്. തോഷഖാന കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ അഞ്ചുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കമ്മീഷന്‍ വിലക്കുകയായിരുന്നു. കൂടാതെ ഖുറാമില്‍ നിന്ന് വിജയിച്ചതായി പ്രഖ്യാപിച്ച വിജ്ഞാപനവും റദ്ദാക്കിയിരുന്നു.