ബോംബെ ഹൈക്കോടതി | Photo: PTI
മതം മാറാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി
ഏതൊരു മതം സ്വീകരിക്കാനും മതപ്രചരണം നടത്താനും ഇന്ത്യൻ പൗരർക്ക് അവകാശമുണ്ടെന്ന് പ്രസ്താവിച്ച് ബോബെ ഹൈക്കോടതി. സിആർപിസി 144-ാം വകുപ്പ് പ്രകാരമുള്ള ഉത്തരവിലൂടെ വ്യക്തികൾ അവരുടെ മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിലക്കാൻ സാധിക്കില്ലെന്നും, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1), ആർട്ടിക്കിൾ 25, 26 എന്നിവയിൽ പ്രതിപാദിച്ചിട്ടുള്ള മൗലികാവകാശങ്ങളുടെ നേരിട്ടുള്ള ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
മതപരിവർത്തനം ആരോപിച്ച ക്രിസ്ത്യൻ ദമ്പതികൾക്കെതിരെ സിആർപിസി സെക്ഷൻ 144 പ്രകാരം നോർത്ത് ഗോവ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവു പുറപ്പെടിവിച്ചിരുന്നു. ഈ ഉത്തരവാണ് ജസ്റ്റിസുമാരായ മഹേഷ് സോനക്, വാൽമീകി മെനേസസ് എന്നിവരടങ്ങിയ ഗോവ ബെഞ്ച് റദ്ദാക്കിയത്. ഹർജിക്കാരിക്കും ഭർത്താവിനും സ്വന്തം മതാചാരങ്ങൾ അനുഷ്ടിക്കാനും നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് അവർക്കിഷ്ടമുള്ള രീതിയിൽ വിശ്വാസം പ്രചരിപ്പിക്കാനും അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.
മതപരിവർത്തനം ആരോപിക്കപ്പെട്ട് ദമ്പതികൾ
മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് നോർത്ത് ഗോവയിൽ നിന്നുള്ള ദമ്പതികളെ 2022 മെയിലാണ് ഗോവ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആരോപണവിധേയരായ ഈ ദമ്പതികൾ ബോധപൂർവം വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ഒരാളുടെ മതവികാരം വ്രണപ്പെടുത്താൻ ശ്രമിക്കുകയും, അയാളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറാൻ പ്രേരിപ്പിക്കുകയും ചെയ്‌തെന്നാണ് പൊലീസ് വെളിപ്പെടുത്തൽ. ഇതേ കാരണത്തിനെ ന്യായീകരിച്ച് ജില്ലാ മജിസ്‌ട്രേറ്റ് മതപ്രചരണത്തിൽ നിന്ന് ദമ്പതികളെ വിലക്കി.
മജിസ്‌ട്രേറ്റ് ഉത്തരവിനെത്തുടർന്ന് ഇന്ത്യൻ ഭരണഘടനയുടെ 226-ാം വകുപ്പ് പ്രകാരം സമർപ്പിച്ച ഒരു ഹർജിയിൽ ജൊവാൻ -ഇ- ഡിസൂസ 2022 ഡിസംബർ 28-ന് ജില്ലാ മജിസ്ട്രേറ്റ് (നോർത്ത്) പാസാക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ 23 വർഷമായി താൻ ഭർത്താവിനൊപ്പം മതപരമായ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും ബൈബിൾ പഠിപ്പിക്കുന്നതിലും പ്രസംഗിക്കുന്നതിലും ഏർപ്പെട്ടിരിക്കുകയാണെന്നും ഡിസൂസ അവകാശപ്പെട്ടു. ദമ്പതികൾ ക്രിസ്തുമത വിശ്വാസികളാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25, 26 ലെ മൗലികാവകാശങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു.
ഹരജിക്കാരന്റെ വാദങ്ങൾ പരിശോധിച്ച ശേഷം, ബലപ്രയോഗത്തിലൂടെയോ നിർബന്ധപൂർവമോ വഞ്ചനയിലൂടെയോ ദമ്പതികൾ ഏതെങ്കിലും ഒരു പ്രത്യേക മതത്തിലേക്ക് ആളുകളെ പരിവർത്തനം ചെയ്യുന്നതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. മാത്രമല്ല, ഹരജിക്കാരുടെ പ്രവൃത്തികൾ മൂലം സമൂഹത്തിലെ ക്രമസമാധാനം നഷ്ടപ്പെടുത്തുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കോടതി പരാമർശിച്ചു. മജിസ്ട്രേറ്റിന്റെ ഉത്തരവിൽ, ചില കാര്യങ്ങൾ പരാമർശിച്ചതല്ലാതെ, അത്തരം നിർബന്ധിത മതപരിവർത്തനത്തിന്റെ വിശദാംശങ്ങളോ മറ്റ് രേഖകളോ നല്കിയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ദമ്പതികൾക്ക് അവരുടെ സ്വന്തം മതാചാരങ്ങൾ അനുഷ്ടിക്കുന്നതിനും അത് അവരുടെ സ്വകാര്യ സ്വത്തിൽ, നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് പ്രചരിപ്പിക്കാനുള്ള അനുമതിയുണ്ടെന്നും കോടതി വ്യക്തമാക്കി.
മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവന്ന് ഇന്ത്യൻ സംസ്ഥാനങ്ങൾ
നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനോ കുറയ്ക്കുന്നതിനോ വേണ്ടി പല സംസ്ഥാനങ്ങളും 'മതസ്വാതന്ത്ര്യനിയമ' ഓർഡിനൻസ് പാസാക്കിയിട്ടുണ്ട്. അത്തരം നിയമങ്ങൾ നിലവിൽ എട്ട് സംസ്ഥാനങ്ങളിൽ വർഷങ്ങളായി നടപ്പാക്കപ്പെടുന്നു. 1968ൽ ഒഡീഷയിലാണ് ആദ്യമായി നിയമം പാസാക്കുന്നത്. തുടർന്ന് മധ്യപ്രദേശ്, അരുണാചൽ പ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും നിയമം നടപ്പിലാക്കി. 2020ലാണ് ഉത്തർപ്രദേശിൽ നിയമം പ്രാബല്യത്തിൽ വന്നത്.
വിവാഹത്തിന് പിന്നിലെ പ്രധാന കാരണം മതപരിവർത്തനമാണെങ്കിൽ വിവാഹം അസാധുവായി പ്രഖ്യാപിക്കുകയാണ് ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മതപരിവർത്തന വിരുദ്ധ നിയമങ്ങൾ വഴി നടപ്പിലാകുന്നത്. 2002 ൽ തമിഴ്നാട്, 2008 ൽ രാജസ്ഥാനും സംസ്ഥാനങ്ങളും സമാനമായ വ്യവസ്ഥകൾ പാസാക്കി. എന്നാൽ നിർഭാഗ്യവശാൽ, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് 2006-ൽ തമിഴ്നാട്ടിൽ ഈ നിയമം റദ്ദാക്കപ്പെട്ടു. രാജസ്ഥാനെ സംബന്ധിച്ചിടത്തോളം, സംസ്ഥാന ഗവർണറും ഇന്ത്യയുടെ രാഷ്ട്രപതിയും അതിന് സമ്മതം നൽകിയില്ല. ഉത്തർപ്രദേശിൽ വഞ്ചനാപരമായ അല്ലെങ്കിൽ നിർബന്ധിത മതപരിവർത്തന കേസുകൾ വർദ്ധിച്ചുവരുന്നു എന്ന കാരണത്താൽ മതപരിവർത്തനം നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ 2020 ൽ പുതിയ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കി.