PHOTO: PTI
പൗരത്വ നിയമ ഭേദഗതി; രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു
പൗരത്വ ഭേദഗതി നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചതോടെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. അസമില്‍ നിയമത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് ഇന്ന് ഹര്‍ത്താല്‍ നടക്കുകയാണ്. പ്രതിഷേധക്കാര്‍ സിഎഎ പകര്‍പ്പുകള്‍ കത്തിച്ചു. അസം സ്റ്റുഡന്റ്‌സ് യൂണിയനാണ് ഗുവാഹത്തിയില്‍ സിഎഎ വിജ്ഞാപനം കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചത്. അസം ദേശീയ പരിഷത്തിന്റെ പ്രസിഡന്റ് ലുറിന്‍ജ്യോതി ഗൊഗോയ് സംസ്ഥാനത്തുടനീളം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പൗരത്വ ഭേദഗതി ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഇന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. നിയമത്തിനെതിരെ കേരള സര്‍ക്കാരും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിഎഎ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തമിഴ്‌നാട്ടില്‍ സിഎഎ അംഗീകരിക്കില്ലെന്ന് വിജയ്
തമിഴ്‌നാട്ടില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് പറഞ്ഞു. ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സിഎഎ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കണമെന്നും വിജയ് ആവശ്യപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാരിന്റെ വിഭജന അജണ്ട നടപ്പിലാക്കാന്‍ ഉപയോഗിക്കുന്നുവെന്ന് എം കെ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.
പൗരത്വ നിയമം ഇന്ത്യക്കാരെ ബാധിക്കില്ലെന്ന് കേന്ദ്രം
ഇന്ത്യന്‍ പൗരരുടെ പൗരത്വം എടുത്തുകളയുന്ന നിയമമല്ല ഇതെന്നും പ്രചരിക്കുന്നത് തെറ്റിദ്ധാരണകാളാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഭയാര്‍ഥികള്‍ക്ക് മാന്യമായ ജീവിതമുറപ്പുവരുത്താനാണ് നിയമമെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
മൂന്ന് രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പൗരത്വത്തിനും പുനരധിവാസത്തിനുമുണ്ടായിരുന്ന നിയമതടസ്സങ്ങള്‍ ഇല്ലാതാക്കുക, അവരുടെ സാംസ്‌കാരികവും ഭാഷാപരവും സാമൂഹികവുമായ അസ്തിത്വത്തെ സംരക്ഷിക്കുക, സാമ്പത്തിക, വാണിജ്യ അവകാശങ്ങള്‍, സ്വതന്ത്രസഞ്ചാരം, സ്വത്തവകാശം എന്നിവ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നിയമത്തിന് പിന്നിലുള്ളതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.