
Representational Image
ആഭ്യന്തര സംഘര്‍ഷം: സുഡാന്‍ ഉള്‍പ്പെടെ നാലു രാജ്യങ്ങള്‍ കൊടും പട്ടിണിയിലേക്ക്
സുഡാന്‍, ഹെയ്തി, ബുര്‍ക്കിന ഫാസോ, മാലി എന്നിവിടങ്ങളിലെ ജനങ്ങളെ കാത്തിരിക്കുന്നത് കൊടും പട്ടിണിയെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ആഭ്യന്തര സംഘര്‍ഷങ്ങളാണ് കടുത്ത പ്രതിസന്ധിയിലേക്ക് രാജ്യങ്ങളെ എത്തിച്ചിരിക്കുന്നത്.
പട്ടിണി അതിരൂക്ഷമായ അഫ്ഗാനിസ്ഥാന്‍, സൊമാലിയ, നൈജീരിയ, ദക്ഷിണ സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഈ നാലു രാജ്യങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിജാഗ്രതാ ലിസ്റ്റിലുള്ള ഒമ്പതു രാജ്യങ്ങള്‍ക്കുപുറമെ, 22 രാജ്യങ്ങള്‍ ഹോട്ട്‌സ്‌പോട്ട് വിഭാഗത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ജനങ്ങളുടെ ജീവനും തൊഴിലും സംരക്ഷിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെയും ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെയും റിപ്പോര്‍ട്ടുകളില്‍ ആവശ്യപ്പെടുന്നു. പത്തുലക്ഷത്തോളം ആളുകള്‍ സുഡാനില്‍ നിന്ന് പലായനം ചെയ്യാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. സുരക്ഷാ കാരണങ്ങളാല്‍ പോര്‍ട്ട് സുഡാന്‍ വഴിയുള്ള വിതരണ ശ്യംഖല തടസ്സപ്പെട്ടതിനാല്‍ വരും മാസങ്ങളില്‍ രാജ്യത്തെ 25 ലക്ഷത്തിലധികം ആളുകള്‍ കൊടുംപട്ടിണി നേരിടുമെന്നും ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ദരിദ്ര രാജ്യങ്ങളിലെ പട്ടിണിയും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധികളും സ്ഥിതി രൂക്ഷമാക്കുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിന്‍ഡി മക്കെയിന്‍ മുന്നറിയിപ്പ് നല്‍കി. ദരിദ്ര രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമാകുമെന്നും 2023 മധ്യത്തില്‍ എല്‍ നിനോ പ്രതിഭാസം ദുര്‍ബല രാജ്യങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുമെന്ന ആശങ്കയും റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നുണ്ട്.
ആഭ്യന്തര യുദ്ധങ്ങള്‍ തിരിച്ചടിയായി
2021 ഒക്‌ടോബറിലെ സൈനിക അട്ടിമറിക്ക് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി സുഡാനില്‍ നിലനിന്നിരുന്നു. സൈനിക മേധാവി അബ്ദുള്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സൈനിക കമാന്‍ഡറായ ഉപസൈനിക മേധാവി മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇരു സേനകളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എട്ടു ലക്ഷത്തിലേറെ പേര്‍ സുഡാനില്‍ നിന്ന് പലായനം ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭയും അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ എട്ടു വര്‍ഷമായി തുടരുന്ന യെമനിലെ ആഭ്യന്തര യുദ്ധം പതിനായിരത്തിലേറെ കുട്ടികളെ ബാധിച്ചതായി അടുത്തിടെ പുറത്തുവിട്ട യുനിസെഫിന്റെ കണക്കുകള്‍ പറയുന്നു. 2014 മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്ത കുട്ടികളുടെ എണ്ണം 11,000 ത്തിലധികമാണെന്ന് യുഎന്‍ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 മാര്‍ച്ചിനും 2022 സെപ്തംബറിനുമിടയില്‍ 3,774 കുട്ടികള്‍ മരിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യെമനിലെ രണ്ടു ദശലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. യെമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണായക ഇടപെടലുകളുടെ ആവശ്യകതയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സംഘര്‍ഷമുഖരിതമായി സുഡാന്‍
മാസങ്ങളായി തുടരുന്ന ആഭ്യന്തര കലാപമാണ് സുഡാനെ ദാരിദ്ര്യത്തിന്റെ പടുക്കുഴിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വലിയ രാജ്യങ്ങളിലൊന്നായ സുഡാന്‍, ലോകത്തിലെ ദരിദ്ര രാഷ്ട്രങ്ങളുടെ പട്ടികയിലുള്‍പ്പെട്ട ഒരു രാജ്യമാണ്. 46 ദശലക്ഷം ആളുകള്‍, ശരാശരി വാര്‍ഷിക വരുമാനം 750 ഡോളര്‍, ഏകദേശം അറുപതിനായിരം ഇന്ത്യന്‍ രൂപയാണ്. ജനാധിപത്യ സംവിധാനങ്ങളിലേക്ക് മാറാനുള്ള സുഡാന്‍ ജനതയുടെ ആഗ്രഹത്തിന് മങ്ങലേല്‍പ്പിച്ച് മാസങ്ങളായി ഇരുസേനകളും ഏറ്റുമുട്ടുകയാണ്. ഏപ്രില്‍ 15ഓടു കൂടിയായിരുന്നു സൈന്യവും അര്‍ദ്ധസൈനീക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും(ആര്‍.എസ്.എഫ്) തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നത്.
സുഡാന്റെ സൈനീക മേധാവി ജനറല്‍ അബ്ദേല്‍ ഫത്താ ബുര്‍ഹാനും ആര്‍.എസ്.എഫ് തലവന്‍ ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാക്കിയതും പരസ്പരമുള്ള ഏറ്റുമുട്ടലിന് വഴിതെളിച്ചതും. ആര്‍.എസ്.എഫ് സൈന്യവുമായി ലയിക്കണമെന്ന തീരുമാനത്തോട് ഡാഗ്ലോയ്ക്കുള്ള എതിര്‍പ്പാണ് പ്രശ്‌നങ്ങളുടെ തുടക്കം. 2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അബ്ദല്ല ഹംഡോക്കിന്റെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുക്കുന്നത്. അന്ന് സൈന്യത്തിനൊപ്പം സഖ്യകക്ഷിയായുണ്ടായിരുന്ന അര്‍ദ്ധസൈനീക വിഭാഗമായിരുന്നു ആര്‍.എസ്.എഫ്. പിന്നീട്, അധികാരതര്‍ക്കത്തില്‍ ഇരു സേനാവിഭാഗങ്ങള്‍ക്കിടയിലും ഭിന്നിപ്പ് രൂക്ഷമായി. പട്ടാള അട്ടിമറിയിലൂടെ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള കരാറില്ലാതാക്കി. പ്രഖ്യാപിത കരാറിലെ സുപ്രധാന നിര്‍ദേശങ്ങളിലൊന്നാണ് സേനകളുടെ ലയനം.