Representational Image: wiki commons
ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ സംഘര്‍ഷം: 14 പേര്‍ക്ക് പരുക്ക്, 350 പേര്‍ അറസ്റ്റില്‍
ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ പോലീസും പലസ്തീന്‍കാരുമായി വന്‍ സംഘര്‍ഷം. കലാപമുണ്ടാക്കുന്നവരെ അമര്‍ച്ച ചെയ്യാനാണ് പോലീസ് സംഘം എത്തിയതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം.
കല്ലുകളും പടക്കങ്ങളുമായി പ്രതിഷേധക്കാര്‍ പോലീസിനെ നേരിട്ടു. ആള്‍ക്കൂട്ടത്തിനു നേരെ ഇസ്രായേല്‍ സേന ഗ്രനേഡുകളും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. സംഭവസമയം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാനൂറിലേറെപ്പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്ലാം വിശ്വാസികളുടെ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നായ അല്‍ അഖ്‌സ പള്ളിക്ക് സമീപം പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 350 പേരെ അറസ്റ്റു ചെയ്തതായി ഇസ്രായേല്‍ പോലീസ് അറിയിച്ചു. ആക്രമണത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, അല്‍ അഖ്‌സ പള്ളി സംഘര്‍ഷത്തിന് പിന്നാലെ ഗാസാ സ്ട്രിപ്പില്‍ നിന്നും ഇസ്രായേലിന് നേര്‍ക്ക് പലസ്തീന്‍ സായുധ ഗ്രൂപ്പുകള്‍ ഒമ്പത് റോക്കറ്റുകള്‍ തൊടുത്തു. ഇതിനു മറുപടിയായി ഇസ്രായേല്‍ സേന വ്യോമാക്രമണം ശക്തമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.