
ശ്രീനഗറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ശ്രീനഗറിലെ ഹാര്‍വാന്‍ മലനിരകളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തിങ്കളാഴ്ച രാത്രി മുതല്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സേന ദച്ചിഗാം വനത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സേനയ്ക്കു നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. പ്രദേശം പൂര്‍ണമായി സൈന്യം വളഞ്ഞിരിക്കുകയാണ്.
ഈ മാസം ആദ്യം ശ്രീനഗര്‍ ഖന്യാറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ, നവംബര്‍ മൂന്നിന് ശ്രീനഗറിലെ ലാല്‍ ചൗക്കിന് സമീപമുള്ള പ്രദേശമായ ടിആര്‍സിക്ക് സമീപം അജ്ഞാതര്‍ ഗ്രനേഡ് എറിഞ്ഞ സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. കനത്ത സുരക്ഷയുള്ള ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററിന് (ടിആര്‍സി) സമീപമായിരുന്നു ആക്രമണം.