Representational Image: Pixabay
സുഡാനിലെ സൈന്യവും അർദ്ധസെന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു, 200ഓളം പേർ കൊല്ലപ്പെട്ടു
സുഡാനിൽ സൈന്യവും അർദ്ധസൈനീകരും തമ്മിലുള്ള കനത്ത പോരാട്ടം തുടരുന്നു. തലസ്ഥാനമായ ഖാർത്തൂമിലുൾപ്പെടെ പലയിടത്തായി നടന്ന ഏറ്റുമുട്ടലുകളിൽ ഇതുവരെ 200ഓളം പേർ കൊല്ലപ്പെടുകയും 1,800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർച്ചയായ മൂന്ന് ദിവസത്തെ ആക്രമണങ്ങളിൽ ആശുപത്രി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും മെഡിക്കൽ ഉപകരണങ്ങൾക്കും ഭക്ഷണത്തിനും ക്ഷാമം നേരിട്ടതായും റിപ്പോർട്ടുകളുണ്ട്.
ജനാധിപത്യ സംവിധാനങ്ങളിലേയ്ക്ക് മാറാനുള്ള സുഡാൻ ജനതയുടെ ആഗ്രഹത്തിന് മങ്ങലേൽപ്പിച്ച് മാസങ്ങളായി ഇരുസേനകളും ഏറ്റുമുട്ടുകയാണ്. ശനിയാഴ്ചയോടെയാണ് സൈന്യവും അർദ്ധസൈനീക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും(ആർ.എസ്.എഫ്) തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത്. എയർപോർട്ട്, പ്രസിഡന്റിന്റെ കൊട്ടാരം എന്നിവയുൾപ്പെടെ പ്രധാന സ്ഥലങ്ങളെല്ലാം തങ്ങളുടെ അധികാരത്തിൻ കീഴിലാണെന്ന് ഇരുകൂട്ടരും അവകാശപ്പെടുന്നുണ്ട്. സംപ്രേഷണം നിർത്തിവച്ചിരുന്ന സുഡാൻ സ്റ്റേറ്റ് ടി വിയിലൂടെ ആർമിക്ക് അനുകൂലമായ വാർത്തകൾ നല്കിത്തുടങ്ങി. എന്നാൽ, രാജ്യത്തെ ഇന്റർനെറ്റ് സൗകര്യം ഇപ്പോഴും പ്രവർത്തനരഹിതമായിത്തന്നെ തുടരുന്നു.
യു എൻ സെക്രട്ടറി ജനറൽ അൻോണിയോ ഗുട്ടറെസ്, യുഎസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കൻ എന്നിവർ പോരാട്ടം അവസാനിപ്പിക്കണമെന്ന് ഇരുസേനകളോടും ആവശ്യപ്പെട്ടു. ഈജിപ്ത്, സൗദി അറേബ്യ, ജിബൂട്ടി തുടങ്ങിയ സുഡാന്റെ അയൽരാജ്യങ്ങൾ ഒന്നിച്ച് സംഘർഷം നിർത്തുന്നതിനുള്ള ചർച്ചകൾക്ക് മുൻകൈയെടുത്തിട്ടുണ്ട്.
സുഡാന്റെ രാഷ്ട്രീയവഴികൾ
വടക്ക് കിഴക്കൻ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വലിയ രാജ്യങ്ങളിലൊന്നാണ് സുഡാൻ. ലോകത്തിലെ ദരിദ്ര രാഷ്ട്രങ്ങളുടെ പട്ടികയിലിടം പിടിച്ച ഒരു രാജ്യം. 46 ദശലക്ഷം ആളുകൾ ശരാശരി വാർഷിക വരുമാനം 750 ഡോളർ ഏകദേശം അറുപതിനായിരം (ഇന്ത്യൻ രൂപ) ആണ്. രാജ്യത്തെ ജനസംഖ്യയിൽ പ്രധാനമായും മുസ്ലിം ജനവിഭാഗമാണ്. ഓദ്യോഗിക ഭാഷ ഇംഗ്ലീഷും അറബിയുമാണ്.
സുഡാന്റെ സൈനീക മേധാവി ജനറൽ അബ്ദേൽ ഫത്താ ബുർഹാനും ആർ.എസ്.എഫ് തലവൻ ജനറൽ മുഹമ്മദ് ഹംദാൻ ഡഗാളയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാക്കിയതും പരസ്പരമുള്ള ഏറ്റുമുട്ടലിന് വഴിതെളിച്ചതും. ആർ.എസ്.എഫ് സൈന്യവുമായി ലയിക്കണമെന്ന തീരുമാനത്തോട് ഡഗാളയ്ക്കുള്ള എതിർപ്പാണ് പ്രശ്‌നങ്ങളുടെ തുടക്കം. 2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അബ്ദല്ല ഹംഡോക്കിന്റെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുക്കുന്നത്. അന്ന് സൈന്യത്തിനൊപ്പം സഖ്യകക്ഷിയായുണ്ടായിരുന്ന അർദ്ധസൈനീക വിഭാഗമായിരുന്നു ആർ.എസ്.എഫ്. പിന്നീട്, അധികാരതർക്കത്തിൽ ഇരു സേനാവിഭാഗങ്ങൾക്കിടയിലും ഭിന്നിപ്പ് രൂക്ഷമായി. പട്ടാള അട്ടിമറിയിലൂടെ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള കരാറില്ലാതാക്കി. പ്രഖ്യാപിത കരാറിലെ സുപ്രധാന നിർദേശങ്ങളിലൊന്നാണ് സേനകളുടെ ലയനം.
ജനാധിപത്യം അട്ടിമറിച്ച് രാഷ്ട്രീയപ്രതിസന്ധി
2019 ൽ ജനകീയപ്രക്ഷോഭത്തെത്തുടർന്ന് ഏകാധിപതിയായിരുന്ന ഒമർ ബാഷിറിന് അധികാരം നഷ്ടമായപ്പോഴായിരുന്നു ഭരണത്തിലേയ്ക്ക് അബ്ദല്ല എത്തിയത്. തുടർന്ന് രാഷ്ട്രീയനേതാക്കളുമായി അധികാരം പങ്കിടാൻ സൈന്യം കരാർ ഒപ്പുവെച്ചു. 11 അംഗ പരമാധികാര കൗൺസിൽ അബ്ദല്ല ഹംഡോക്കിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. 2021ൽ അട്ടിമറി നടത്തിയ സൈന്യവുമായി അധികാരം പങ്കിട്ടതിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതോടെ ഹംഡോക്ക് സ്ഥാനമൊഴിഞ്ഞു. ഹംഡോക്ക് ഉൾപ്പെടെ ഒട്ടേറെ ജനകീയനേതാക്കളെ സൈന്യം തടവിലാക്കി. വിമതരുമായി സുഡാൻ സമാധാനക്കരാറിലേർപ്പെട്ടതും ഇസ്രായേലുമായി നയതന്ത്ര ബന്ധം സുഗമമാക്കിയതുമെല്ലാം സോവെറിൻ കൗൺസിൽ ഭരണകാലത്താണ്. എന്നാൽ 2018-ലെ ജനകീയപ്രക്ഷോഭ കാലംമുതൽത്തന്നെ അധികാരം പിടിക്കാൻ സൈന്യം ശ്രമം നടത്തിയിരുന്നു.