മേഘവിസ്‌ഫോടനം; ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലുമായി 23 പേര്‍ മരിച്ചു
ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 23 പേര്‍ മരിച്ചു. ചണ്ഡീഗഡ്-മണാലി ദേശീയപാത ഉള്‍പ്പെടെയുള്ള പ്രധാന ഹൈവേകളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഉത്തരാഖണ്ഡില്‍ 15 പേരും ഹിമാചല്‍ പ്രദേശില്‍ എട്ട് പേരുമാണ് മരിച്ചത്. രണ്ട് സംസ്ഥാനങ്ങളിലും ഓഗസ്റ്റ് 6 വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ചയുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഡ്രോണുകള്‍ വിന്യസിപ്പിച്ചുകൊണ്ടുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.
കേദാര്‍നാഥില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നു
ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 1300 തീര്‍ത്ഥാടകര്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കേദാര്‍നാഥ് കാല്‍നടപാത തകര്‍ന്നിരിക്കുന്ന നിലയിലാണുള്ളത്. സംസ്ഥാന ദുരന്ത നിവാരണ സേന, എന്‍ഡിആര്‍എഫ്, പൊലീസ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തില്‍, ഈ മേഖലയില്‍ എയര്‍ലിഫ്റ്റിങ് പുരോഗമിക്കുന്നുണ്ട്.
ഹിമാചല്‍ പ്രദേശ്, കുളു മേഖലയിലെ നിര്‍മന്ദ്, സൈഞ്ച്, മലാന പ്രദേശങ്ങള്‍, മാണ്ഡിയിലെ പധാര്‍, ഷിംലയിലെ രാംപൂര്‍ സബ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ നല്‍കിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ മൂന്ന് ജില്ലകളിലായി 103 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന നിലയിലാണ്. ഹിമാചല്‍പ്രദേശിലെ രാംപൂര്‍ സമേജ് ഗ്രാമത്തില്‍ നിന്ന് എട്ട് സ്‌കൂള്‍ കുട്ടികളെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഹിമാചലില്‍ സമേജ് ഖാദിലെ ജലവൈദ്യുത പദ്ധതിക്ക് സമീപമാണ് മേഘവിസ്ഫോടനം ഉണ്ടായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. മുഹല്‍ തെരാംഗിന് സമീപമുള്ള രാജ്ബാന്‍ ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് മാണ്ഡിയില്‍ മണ്ണിടിച്ചിലുണ്ടായതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അപൂര്‍വ് ദേവ്ഗണ്‍ അറിയിച്ചിരുന്നു.