TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: PTI

TMJ Daily

ഹിമാചലില്‍ മേഘവിസ്‌ഫോടനം; 200 ലധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

26 Jun 2023   |   2 min Read
TMJ News Desk

ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘവിസ്‌ഫോടനം. കുളു, മണാലി, മണ്ഡി, സോളന്‍ മേഖലകളില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം പേരാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

മണ്‍സൂണ്‍ രാജ്യത്തിന്റെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും എത്തിയതോടെ പലയിടത്തും പ്രളയ സമാനമായ സാഹചര്യമാണ്. മണ്ഡി ജോഗീന്ദര്‍ നഗര്‍ ഹൈവേയും അടച്ചു. ഈ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവര്‍ മലനിരകളോട് ചേര്‍ന്നുള്ള റോഡുകളില്‍ നില്‍ക്കരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ഡിയിലെ ബഗി പാലത്തിനു സമീപം മേഘവിസ്‌ഫോടനവും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടര്‍ന്ന് പരാശറിലേക്കുള്ള റോഡുകള്‍ അടച്ചതായും പോലീസ് അറിയിച്ചു. 

തുടര്‍ച്ചയായി പെയ്ത മഴയില്‍ ബിയാസ് നദിയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മേഘവിസ്‌ഫോടനത്തിനുശേഷം ഷിംല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും കനത്ത മഴയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഹിമാചല്‍ പ്രദേശില്‍ വെള്ളപ്പൊക്ക സാധ്യതയും അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് പലയിടത്തും മിന്നല്‍ പ്രളയം ഉണ്ടായി. നിരവധി സ്ഥലങ്ങളില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേദാര്‍നാഥ് തീര്‍ഥാടന യാത്ര നിര്‍ത്തിവച്ചിരിക്കുകയാണ്. 

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നത് ജനജീവിതത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹിയിലും മുംബൈയിലും ഇത്തവണ ഒരുമിച്ചാണ് കാലവര്‍ഷം എത്തിയത്. വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ഒഡീഷ - പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ വടക്കന്‍ ഒഡീഷയ്ക്ക് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത രണ്ടുദിവസം ജാര്‍ഖണ്ഡ്, ഛത്തീസ്ഖണ്ഡ് വഴി വടക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഈ സാഹചര്യത്തില്‍ മഴ വീണ്ടും ശക്തമാകും. 

ഉഷ്ണതരംഗം മഹാദുരന്തമെന്ന് പഠനം

കഴിഞ്ഞ ആഴ്ചയാണ് ഉഷ്ണതരംഗത്തെ തുടര്‍ന്ന് ബീഹാറിലും ഉത്തര്‍പ്രദേശിലുമായി 100 ലധികം പേര്‍ മരണപ്പെട്ടത്. കടുത്ത ഉഷ്ണതരംഗം വീശിയടിച്ച യുപിയുടെ വിവിധ ഭാഗങ്ങളില്‍ താപനില 40 ഡിഗ്രി വരെ ഉയര്‍ന്നിരുന്നു. സമീപകാലത്ത് കണ്ടതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ചൂടാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ടത്. കടുത്ത പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകള്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ ഭൂരിഭാഗവും 60 വയസിന് മുകളില്‍ ഉള്ളവരായിരുന്നു. 

ഉഷ്ണതരംഗം ഹിമാലയത്തെയും ഉരുക്കുമെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ തന്നെ ഹിമാലയത്തിലെ മഞ്ഞ് കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ഹിമാലയത്തിലെ മഞ്ഞുരുക്കവും ശക്തമായിരുന്നു. ഹിമാലയത്തിലെ മഞ്ഞ് ഉരുകുന്നതോടെ പര്‍വത ശിഖിരങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന നദികളില്‍ ജലനിരപ്പ് ഉയരുകയും ഇത് താഴ്‌വാരങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നുമാണ് ശാസ്ത്രലോകം പറയുന്നത്. ഇത് മണ്ണിടിച്ചിലിനും ഇടയാക്കും. ഹിന്ദു കുഷ് ഹിമാലയത്തിലുടനീളം 200 ഹിമാനി തടാകങ്ങള്‍ ഇതിനകം അപകടകരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഹിമാനികള്‍ 65 ശതമാനം വേഗത്തില്‍ ഉരുകുകയും 2030 ഓടെ 80 ശതമാനം നഷ്ടപ്പെടുകയും ചെയ്യാമെന്നാണ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡെവലപ്‌മെന്റിന്റെ ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നത്. ഇത്തരമൊരു ജലശോഷണം ഹിമാലയത്തില്‍ പര്‍വത ശിഖിരത്തില്‍ നിന്നും 16 രാജ്യങ്ങളിലൂടെ ഒഴുകുന്ന 12 നദികളിലെ ശുദ്ധജല ലഭ്യത ഗണ്യമായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഹിമം നിറഞ്ഞ മലനിരകളില്‍ നിന്നും മഞ്ഞ് ഉരുകുമ്പോള്‍ ബലം കുറഞ്ഞ മണ്ണ് മലമുകളില്‍ നിന്നും വെള്ളത്തോടൊപ്പം കുത്തിയൊഴുകി താഴ്‌വാരത്തേക്ക് നീങ്ങും. ഇത് ശുദ്ധജല ലഭ്യതയെയും കൃഷിയെയും താഴ്‌വരയിലെ കോടിക്കണക്കിന് മനുഷ്യരെയും നേരിട്ട് ബാധിക്കും. അതോടൊപ്പമാകും ഹിമാലയത്തിലെ ഹിമാനി തടാകങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയും. ഇത് പ്രദേശത്തെ ജലവൈദ്യുത പദ്ധതികളെയും ഏറെ ദോഷകരമായി ബാധിക്കുന്നു. ഇത്തരം ദുരന്തങ്ങളുടെയെല്ലാം വേഗത കൂട്ടുന്നത് പര്‍വത മേഖലയില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇത്തരം അവസ്ഥയില്‍ വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങള്‍ പതിവായി സംഭവിക്കുമെന്നാണ് കരുതേണ്ടതെന്നും അത് മാരകവും ചെലവേറിയതുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


#Daily
Leave a comment