ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനം; രണ്ട് മരണം, മുപ്പതിലധികം പേരെ കാണാതായി
ഷിംലയിലെ രാംപൂരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും രണ്ട് മരണം. മുപ്പതിലധികം പേരെ കാണാതായി. ഷിംലയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ മാണ്ഡിയിലും മേഘവിസ്‌ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യയും കാണാതായവരുടെ എണ്ണവും ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ഔദ്യോഗിക വിവരം. പ്രദേശത്തെ റോഡ് സംവിധാനം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഹിമാചല്‍പ്രദേശിലെ കുളുവില്‍ വ്യാസ് നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ദേശീയപാത വെള്ളത്തിനടിയിലായ അവസ്ഥയിലാണ്.
സമേജ് ഖാദിലെ ജലവൈദ്യുത പദ്ധതിക്ക് സമീപം പുലര്‍ച്ചയോടെയാണ് മേഘവിസ്‌ഫോടനം ഉണ്ടായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുഹല്‍ തെരാംഗിന് സമീപമുള്ള രാജ്ബാന്‍ ഗ്രാമത്തിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായതായി മാണ്ഡി ഡെപ്യൂട്ടി കമ്മീഷണര്‍ അപൂര്‍വ് ദേവ്ഗണ്‍ അറിയിച്ചു.
ഉത്തരാഖണ്ഡിലും മേഘവിസ്‌ഫോടനം
ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയിലെ ജഗന്യാലിയില്‍ മേഘവിസ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഇന്നലെ രാത്രിയിലുണ്ടായ സംഭവത്തില്‍ മൂന്ന് പേരെ കാണാതായതായും സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. ഹരിദ്വാറില്‍ കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.