
ഹിമാചലില്‍ മേഘവിസ്‌ഫോടനം; രണ്ടു പേര്‍ മരിച്ചു, 20 പേരെ കാണാതായി
ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് രണ്ടു പേര്‍ മരിച്ചു. 20 പേരെ കാണാതായി. കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ദിരാ പ്രിയദര്‍ശിനി ഹൈഡ്രോളിക് പ്രൊജക്ട് സൈറ്റില്‍ നിന്നാണ് തൊഴിലാളികളെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. കനത്ത മഴയെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തി നിര്‍ത്തിവെച്ചിരുന്നു. ഇവിടെ താത്കാലിക ഷെഡ്ഡുകളില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് മിന്നല്‍ പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ടത്.
കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയും, ഫയര്‍ഫോഴ്‌സും പൊലീസുമടക്കമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കുളുവിലും കാഗ്രയിലുമടക്കം ശക്തമായ മഴ തുടരുകയാണ്. കനത്തമഴയെ തുടര്‍ന്ന് മണാലി-ചണ്ഡിഗഡ് ദേശീയപാത ഭാഗികമായി തകര്‍ന്നു.
ഹിമാചല്‍ പ്രദേശിലെ അഞ്ച് ജില്ലകളില്‍ അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഹരിയാന, ഹിമാചല്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


