ഹാരീ കെയ്ൻ | PHOTO: TWITTER
കെയ്നിനെ സ്വന്തമാക്കാൻ ക്ലബ്ബുകൾ
ഇംഗ്ലീഷ് ഫുട്ബോളിലെ എന്നല്ല ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളാണ് ടോട്ടൻഹാമിന്റെ ഹാരീ കെയ്ൻ. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ കൂടിയായ കെയ്ൻ തന്റെ കരിയറിൽ 354 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ഇതുവരെ ക്ലബ്ബിനായോ ദേശീയ ടീമിനായോ ട്രോഫികൾ നേടാൻ കഴിഞ്ഞിട്ടില്ല. തന്റെ പത്താം വയസ്സിൽ തന്നെ ടോട്ടൻഹാമിലെത്തിയ കെയ്ൻ 2021 ൽ ക്ലബ്ബ് വിടാനുള്ള താത്പര്യം മാനേജ്മെന്റിനെ അറിയിച്ചതാണെങ്കിലും സ്പർസ് മുന്നോട്ട് വച്ച വൻ റിലീസ് ക്ലോസ് മുടക്കാൻ ടീമുകൾക്കായിരുന്നില്ല. അതിന് ശേഷം ഈ വർഷമാണ് കെയ്നിന്റെ ട്രാൻസ്ഫർ വാർത്തകൾ വീണ്ടും സജീവമാകുന്നത്. ജർമ്മൻ ക്ലബ്ബായ ബയോൺ മ്യൂണിക് ആണ് കെയ്നിനെ ടീമിലെത്തിക്കാൻ സജീവമായ ചർച്ചകൾ നടത്തുന്നത്. പ്രീമിയർ ലീഗിലെ തന്നെ ചെൽസിയും താരത്തിന്റെ പുറകിലുണ്ട്.
പത്താം വയസ്സിൽ ടോട്ടൻഹാമിൽ
2004 ൽ ടോട്ടൻ ഹാം ഹോട്സ്പറിന്റെ താരമായ ഹാരീ കെയ്ൻ തന്റെ യൂത്ത് കരിയറിൽ വിവിധ ടീമുകളുടെ ഭാഗമായിട്ടുണ്ട്. 2010 മുതൽ വിവിധ ഇംഗ്ലീഷ് ടീമുകൾക്കായി ടോട്ടൻഹാമിൽ നിന്നും ലോണിൽ പോയ കെയ്ൻ മികച്ച പ്രകടനം തന്നെ പുറത്തെടുത്തപ്പോൾ 2013 ൽ് വീണ്ടും ടോട്ടൻഹാമിലേക്ക് തിരിച്ചെത്തി. പിന്നീട് ടീമിന്റെ അവിഭാജ്യ ഘടകമായ താരം 2014-15 സീസണിൽ പ്രീമിയർ ലീഗിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും നേടിയിരുന്നു. പിന്നീട് ടോട്ടൻഹാമിനായി ഗോളുകൾ അടിച്ച് കൂട്ടുന്ന കാര്യത്തിൽ കെയ്നിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ടീമിലെ സുപ്രധാന താരമായി മാറിയ കെയ്ൻ 2015-16 വർഷത്തെ പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് പുരസ്‌കാരവും നേടി. 25 ഗോളുകളായിരുന്നു കെയ്ൻ ആ സീസണിൽ പ്രീമിയർ ലീഗിൽ മാത്രം അടിച്ച് കൂട്ടിയത്. തൊട്ടടുത്ത വർഷവും കെയ്ൻ തന്നെയായിരുന്നു പ്രീമിയർ ലീഗിലെ ടോപ് സ്‌കോറർ. കെയ്ൻ അപകടകാരിയായ സ്ട്രൈക്കറായി മാറിയതോടെ ടോട്ടൻഹാമും അവരുടെ മികച്ച ഫോമിലേക്ക് ഉയർന്നു. 2014 ൽ അർജന്റീനക്കാരൻ മൗറീഷ്യോ പോച്ചെറ്റിനോ ക്ലബ്ബിന്റെ കോച്ചായി എത്തിയതോട് കൂടിയാണ് കെയ്ൻ എന്ന സ്ട്രൈക്കറുടെ ഏറ്റവും അപകടകരമായ വേർഷൻ ആരാധകർ കണ്ടത്. പോച്ചെറ്റിനോയുടെ കീഴിൽ ക്ലബ് മികച്ച പ്രകടനം കാഴ്ച വച്ചു. ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ടീമിനെ എത്തിച്ചതാണ് പോച്ചെറ്റിനോയുടെ പ്രധാന നേട്ടം. ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു ഇത്. പ്രീമിയർ ലീഗിലും, ലീഗ് കപ്പിലും ക്ലബ്ബ് മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും അവസാന നിമിഷങ്ങളിൽ കിരീടങ്ങൾ കൈവിട്ട് പോവുകയായിരുന്നു. എന്നാൽ 2019 ലെ പ്രീമിയർ ലീഗിന്റെ തുടക്കത്തിൽ ടീം മോശം പ്രകടനം കാഴ്ച വച്ചതിനെ തുടർന്ന് അദ്ദേഹത്തെ മാനേജ്‌മെന്റ് പുറത്താക്കി. തുടർന്ന് ഏറ്റവും മികച്ച പരിശീലകരായിരുന്ന മൗറീഞ്ഞോ, കോണ്ടേ തുടങ്ങിയവർ ക്ലബ്ബിന്റെ പരിശീലകരായി വന്നെങ്കിലും കിരീടങ്ങൾ ഷെൽഫിലേക്ക് എത്തിക്കാൻ കെയ്നിനും കൂട്ടർക്കും സാധിച്ചില്ല. ഇങ്ങനെയുള്ള ഒരു സമയത്താണ് കെയ്ൻ വീണ്ടും ടീം വിടുന്നതിനുള്ള താൽപ്പര്യം പ്രകടിപ്പിക്കുന്നത്.
ഇംഗ്ലീഷ് ക്യാപ്റ്റൻ
ഇപ്പോൾ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ കൂടിയായ കെയ്ൻ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദേശിയ ടീമിലും മികച്ച പ്രകടനമാണ നടത്തിക്കൊണ്ടിരിക്കുന്നത്. 2018 ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച് ടൂർണമെന്റിന്റെ ഗോൾഡൻ ബൂട്ട് പുരസ്‌കാരവും കെയ്ൻ നേടിയിരുന്നു. ആ ലോകകപ്പിൽ സെമി വരെ മുന്നേറിയ ഇംഗ്ലണ്ട് കഴിഞ്ഞ യൂറോയിൽ ഫൈനലിലും എത്തിയിരുന്നു. നിരാശയായിരുന്നു ഫൈനലിലെയും ഫലം. പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇറ്റലിയോട് തോറ്റു. വ്യക്തിഗതമായി ഒരുപാട് നേട്ടങ്ങൾ കെയ്ൻ സ്വന്തം പേരിൽ എഴുതി ചേർത്തെങ്കിലും ഇരു ടീമുകൾക്കായും കെയ്നിന് കിരീടങ്ങൾ നേടാൻ സാധിച്ചില്ല.
ബയേണും ചെൽസിയും
ഇംഗ്ലീഷ് സ്ട്രൈക്കറെ ഈ സീസണിൽ ടീമിലെത്തിക്കാൻ ഏറ്റവും കൂടുതൽ പരിശ്രമിക്കുന്നത് ബയേണും ചെൽസിയുമാണ്്. കഴിഞ്ഞ വർഷമാണ് ബയേണിന്റെ സ്റ്റാർ സ്ട്രൈക്കർ റോബർട്ടോ ലെവൻഡോസ്‌കി ടീം വിടുന്നത്. അതിന് ഒരു റീപ്ലേസ്മെന്റ് കണ്ടെത്താൻ ബയേണിന് സാധിച്ചിരുന്നില്ല. ഈ വിടവ് നികത്താനാണ് കെയ്നിനെ ടീമിലെത്തിച്ച് കൊണ്ട് ബയേൺ ശ്രമിക്കുന്നത്. ഈ വർഷം ലീഗ് കിരീടം നേടിയെങ്കിലും അത്ര മികച്ച ഫോമിലുമല്ല ബയേൺ നിൽക്കുന്നത്. ആദ്യം 70 മില്ല്യൺ യൂറോയുടെ ബിഡ് ബയേൺ സമർപ്പിച്ചെങ്കിലും ടോട്ടൻഹാം അത് നിരസിച്ചിരുന്നു. തുടർന്ന് 80 മില്ല്യൺ തുക വരുന്ന പുതിയൊരു ഓഫർ കൂടി ബയേൺ സമർപ്പിച്ചിട്ടുണ്ട്. ടോട്ടൻഹാം സമ്മതിച്ചാൽ കെയ്ൻ ബയേണിലേക്ക് എത്തുമെന്ന് തന്നെയാണ് ഈ ജർമൻ ക്ലബ്ബിന്റെയും വിശ്വാസം. പ്രീമിയർ ലീഗിൽ അഴിച്ച് പണികൾ നടത്തി കൊണ്ടിരിക്കുന്ന ചെൽസിയും കെയ്നിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. പോച്ചെറ്റിനോ ചെൽസിയുടെ കോച്ചായി എത്തിയതോടെയാണ് കെയ്നിനായി ചെൽസി നോട്ടമിട്ടത്. പക്ഷെ ചെൽസി വൻ തുക മുടക്കിയാലും ഈ വർഷം ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലാത്ത ക്ലബ്ബിലേക്ക് കെയ്ൻ വരുമോ എന്നുള്ളത് സംശയകരമാണ്.