സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ സ്‌പൈസസ് പാര്‍ക്ക് തൊടുപുഴയ്ക്ക് സമര്‍പ്പിച്ച് മുഖ്യമന്ത്രി
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ആദ്യത്തെ സ്‌പൈസസ് പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. തൊടുപുഴ മുട്ടം പഞ്ചായത്തിലെ തുടങ്ങനാട്ടില്‍ 15.29 ഏക്കറിലാണ് സ്‌പൈസസ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്‌കരണത്തിനും മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ തയ്യാറാക്കി വിപണനം ചെയ്യുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഏകദേശം 20 കോടി മുതല്‍ മുടക്കിയാണ് ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 2021 ഒക്‌ടോബറില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സ്‌പൈസസ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റില്‍ പൂര്‍ത്തിയായിരുന്നു. ശേഷിക്കുന്ന 21 ഏക്കര്‍ സ്ഥലത്ത് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വ്യവസായ പ്ലോട്ടുകളെല്ലാം സംരംഭകര്‍ക്ക് അനുവദിച്ചു കഴിഞ്ഞു. സുഗന്ധവ്യഞ്ജന തൈലങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍, കൂട്ടുകള്‍, ചേരുവകള്‍, കറിപ്പൊടികള്‍, കറിമസാലകള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് സ്ഥലം അനുവദിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
റോഡ്, ശുദ്ധജലം, വൈദ്യുതി തുടങ്ങി വ്യാവസായികാവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്ഥലമാണ് വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് നല്‍കുന്നത്. എല്ലാ വ്യാവസായിക പ്ലോട്ടുകളിലേക്കും പ്രവേശിക്കാവുന്ന റോഡുകള്‍, വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള ഓടകള്‍, ചുറ്റുമതില്‍, ശുദ്ധജല വിതരണ ക്രമീകരണങ്ങള്‍, വൈദ്യുതി വിതരണ സംവിധാനങ്ങള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍, മഴവെള്ള സംഭരണികള്‍ തുടങ്ങിയ സംവിധാനങ്ങളും സ്‌പൈസസ് പാര്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ട്.
രണ്ടാംഘട്ടത്തില്‍ പത്തേക്കര്‍ സ്ഥലം കിന്‍ഫ്ര വികസിപ്പിക്കും. ഇതിനുപുറമെ ഏഴേക്കര്‍ സ്ഥലത്ത് സുഗന്ധവ്യഞ്ജന മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ വികസിപ്പിക്കാനും പദ്ധതിയുണ്ട്. കുമളി പുറ്റടിയിലുള്ള സ്‌പൈസസ് ബോര്‍ഡിന്റെ പാര്‍ക്കുമായി സഹകരിച്ചാകും ഈ പ്രവര്‍ത്തനം. ജില്ലയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവര്‍ധിത ഉല്പന്നവ്യവസായത്തിനും വലിയ കുതിപ്പേകാന്‍ സ്‌പൈസസ് പാര്‍ക്കിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ വിശിഷ്ടാതിഥിയായിരുന്നു.