TMJ
searchnav-menu
post-thumbnail

TMJ Daily

വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു; വി ഡി സതീശന്‍

30 Apr 2025   |   2 min Read
TMJ News Desk

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രതിപക്ഷത്തെ ക്ഷണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അത് സര്‍ക്കാരിന്റെ തീരുമാനമാണെന്നും അതില്‍ പരിഭവവും പരാതിയുമില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായ പരിപാടിയാണെന്നും സര്‍ക്കാരിന്റെ വാര്‍ഷികവുമായി പ്രതിപക്ഷം സഹകരിക്കാത്തതുകൊണ്ടുമാണ് വിളിക്കാതിരുന്നതെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെയെങ്കില്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്നാണോ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നത് എന്ന ചോദ്യവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നതെന്ന് ബിജെപി പറയട്ടെയെന്നും ബിജെപിയും സിപിഎമ്മും ഒന്നിച്ചാണ് നാലാം വാര്‍ഷികം ആഘോഷിക്കുന്നതെങ്കില്‍ അത് നടക്കട്ടെയെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ 6,000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടാണെന്നും കടല്‍ക്കൊള്ളയാണെന്നും പ്രഖ്യാപിച്ച ആളാണ് പിണറായി വിജയന്‍. അതേ പിണറായി വിജയനും സിപിഎമ്മും പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെ ഓര്‍മ്മപ്പെടുത്തുന്നതാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. 2019ല്‍ പൂര്‍ത്തിയാകേണ്ട ഈ പദ്ധതി ഇപ്പോള്‍ സ്വാഭാവികമായും പൂര്‍ത്തിയായതാണ്. കരാര്‍ അനുസരിച്ചുള്ള റോഡ്, റെയില്‍ കണക്ടിവിറ്റികള്‍ ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചെയ്യേണ്ട ഒരു കാര്യങ്ങളും ചെയ്യാത്തവരാണ് പദ്ധതി പൂര്‍ത്തിയായപ്പോള്‍ അത് കൊണ്ടുവന്ന ആളുകളെ വിസ്മരിച്ച് അവിടെ പോയി നിന്ന് പടം എടുത്ത് ക്രെഡിറ്റ് ഏറ്റെടുക്കുന്നത്. അത് വിശ്വസിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളല്ലെന്നു മാത്രമാണ് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കാനുള്ളതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ പല കരാറുകളും നടപ്പാക്കിയിട്ടില്ല. പുനരധിവാസത്തിന് വേണ്ടിയുള്ള 475 കോടിയുടെ പാക്കേജും യാഥാര്‍ത്ഥ്യമായിട്ടില്ല. 9 വര്‍ഷമായി റെയില്‍ റോഡ് കണക്ടിവിറ്റി ഉണ്ടാക്കാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. ലോകബാങ്കിന്റെ 140 കോടിയാണ് ഇപ്പോള്‍ വകമാറ്റിയത്. ഇത് കുറ്റകൃത്യമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പണം ഇല്ലാത്ത സര്‍ക്കാരാണ് ജനങ്ങളുടെ നൂറു കോടിയെടുത്ത് വാര്‍ഷികം ആഘോഷിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. കര്‍ണാടകത്തിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനു വേണ്ടി ഇടപെടും. അതിനു വേണ്ടി കര്‍ണാടക സര്‍ക്കാരുമായി സംസാരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.






#Daily
Leave a comment