TMJ
searchnav-menu
post-thumbnail

TMJ Daily

തീരുമാനങ്ങള്‍ നടപ്പിലാക്കുന്നില്ല; ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി

17 Mar 2025   |   1 min Read
TMJ News Desk

എഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ പോലും ഈ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് നടപ്പിലാക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം അറിയിച്ചു.

മുഖ്യമന്ത്രി ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിമര്‍ശനം ഉന്നയിച്ചതോടെ ഓരോ വകുപ്പിലും നടപ്പിലാക്കാന്‍ അവശേഷിക്കുന്ന തീരുമാനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ചീഫ് സെക്രട്ടറി മേധാവികളോട് ആവശ്യപ്പെട്ടു.

വകുപ്പ് സെക്രട്ടറിമാരുടെ യോഗങ്ങളില്‍ തീരുമാനങ്ങളുടെ പുരോഗതി സ്ഥിരം അജണ്ടയായി ഉള്‍പ്പെടുത്തി വിലയിരുത്തും. മുഖ്യമന്ത്രി, മന്ത്രിമാര്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ നയപരമായ തടസം ഉണ്ടെങ്കില്‍ സെക്രട്ടറിമാര്‍ യോഗത്തില്‍ അറിയിക്കുകയും പരിഹാരം കാണുകയും വേണം. സ്വീകരിച്ച നടപടികള്‍ ഇവരെ അറിയിക്കുകയും വേണം. വകുപ്പുകളില്‍ തീരുമാനങ്ങള്‍ കൃത്യസമയത്ത് നടപ്പിലാക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തണം.

അധികാരത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന് ഇനി ഒരു വര്‍ഷമാണ് അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പ്രധാനപ്പെട്ട ചില പദ്ധതികള്‍ വൈകുന്നത് കാരണമാണ് മുഖ്യമന്ത്രി ഐഎഎസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെക്കുറിച്ച് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

നടപ്പിലാക്കാന്‍ അവശേഷിക്കുന്ന തീരുമാനങ്ങള്‍ പരിശോധിക്കാന്‍ റവന്യൂ, ധന, നിയമ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ മൂന്ന് വകുപ്പുകളുടേയും അനുമതിയും അഭിപ്രായവും വൈകുന്നത് കാരണം തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് മറ്റ് വകുപ്പുകളുടെ മേധാവികള്‍ പറഞ്ഞിരുന്നു.




#Daily
Leave a comment