
വിഴിഞ്ഞം വി ജി ഫണ്ട് ഗ്രാൻ്റായി നൽകണമെന്ന് മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖത്തിനായി വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വിജിഎഫ്) ഇനത്തിൽ നിശ്ചയിച്ച 817.80 കോടി രൂപ വായ്പയാക്കി മാറ്റുന്നതിനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള തുക തിരിച്ചടക്കണമെന്ന നിബന്ധന സംസ്ഥാനത്തിന് പതിനായിരം മുതൽ പന്ത്രണ്ടായിരം കോടി രൂപയുടെ നഷ്ടം വരുത്തി വെക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
തൂത്തുക്കുടി തുറമുഖത്തിന്റെ ഔട്ടർ ഹാർബർ പദ്ധതിക്ക് ധനവകുപ്പ് തത്ത്വത്തിൽ അംഗീകാരം നകിയത് വിഴിഞ്ഞം തുറമുഖ പദ്ധതിയുടേതിന് സമാനമായ രീതിയിലാണ്. വിജിഎഫ് തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ പക്ഷെ തൂത്തുക്കുടിയുടെ കാര്യത്തിൽ ചുമത്തിയിട്ടില്ല. അതുകൊണ്ടു തന്നെ തൂത്തുക്കുടി തുറമുഖത്തിന് നൽകിയ അതേ പരിഗണന വിഴിഞ്ഞം തുറമുഖത്തിനും നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
അടിസ്ഥാന സൗകര്യമേഖലയിൽ പൊതു സ്വകാര്യ പങ്കാളിത്തത്തിനുള്ള സാമ്പത്തിക സഹായ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2015 ഫെബ്രുവരി മൂന്നിന് വിജിഎഫ് തത്ത്വത്തിൽ അനുമതി ലഭിച്ച രാജ്യത്തെ ആദ്യത്തെ തുറമുഖ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. ധനമന്ത്രാലയം രൂപീകരിച്ച എംപവേഡ് കമ്മിറ്റി 817.80 കോടി രൂപ വിജിഎഫ്‍ ആയി 41-ാമത് യോഗത്തിൽ അന്തിമ അനുമതിക്കായി ശുപാർശ ചെയ്തിരുന്നു.
സാമ്പത്തികമായി ലാഭകരമല്ലാത്ത അടിസ്ഥാന സൗകര്യ പദ്ധതികളിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തെ (പിപിപി) പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സാമ്പത്തിക പിന്തുണാ സംവിധാനമെന്ന നിലയിൽ വിജിഎഫ് എന്ന ആശയം മുന്നോട്ട് വച്ചത്. വിജിഎഫ് നൽകുന്നത് ഗ്രാൻ്റായാണ്, വായ്പയല്ല. അതിനാൽ, ഏതൊരു വിജിഎഫിനെയും നിർവചിക്കുന്ന ഘടകങ്ങൾ, അതിന്റെ ആനുകൂല്യം ലഭിക്കുന്നതാണ്. അത് തിരിച്ചടയ്‌ക്കേണ്ടതില്ല,
എന്നാൽ, ഈ പദ്ധതിയെ പിന്തുണയ്ക്കുന്നതും ഉപകാരപ്പെടുന്നവരുമെന്ന നിലയിൽ ഇതിന്റെ പ്രൊമോട്ടർമാർ ഇന്ത്യാ ഗവൺമെന്‍റും കേരള സർക്കാരുമാണ്. ഇരുവരും ഈ ഗ്രാന്റ് ആനുകൂല്യം സ്വീകരിക്കുന്നയാൾക്ക് (കൺസഷനയർക്ക്) നൽകാൻ തീരുമാനിച്ചു. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവൺമെന്റ് ഈ പണം ഇതിലെ ഒപ്പമുള്ള പ്രമോട്ടറായ സംസ്ഥാന സർക്കാരിന് മാറ്റിവച്ച 'വായ്പ' ആയി നൽകുമെന്ന് നിലപാട് സ്വീകരിക്കുന്നു. അത് വിജിഎഫ് എന്ന ആശയത്തെ തന്നെ നിരാകരിക്കുന്നതാണെന്ന് ധനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
കസ്റ്റംസ് നികുതിയായി പിരിച്ചെടുക്കുന്ന ഓരോ ഒരു രൂപയിൽ നിന്നും ഏകദേശം 60 പൈസയാണ് ഇന്ത്യാ ഗവൺമെന്റിന് ലഭിക്കുന്ന വിഹിതം, അതേസമയം കേരളത്തിന് വെറും മൂന്ന് പൈസയിൽ താഴെ മാത്രമേ ലഭിക്കുകയുള്ളൂ . വളരെ മിതമായ വിലയിരുത്തലിൽ പോലും, വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്നും കസ്റ്റംസ് തീരുവ വഴി പ്രതിവർഷം 10,000 കോടി രൂപ ലഭിക്കുമെന്ന് കണക്കാക്കിയാൽ കേന്ദ്ര സർക്കാരിന് പ്രതിവർഷം 6000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും. കൂടാതെ, ഇത്തരമൊരു തുറമുഖം സ്ഥാപിക്കുന്നതിലൂടെ രാജ്യത്തിന് ലഭിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങളും വിദേശനാണ്യത്തിന്റെ സമ്പാദ്യവും ഗണ്യമായ തോതിൽ വർദ്ധിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


