TMJ
searchnav-menu
post-thumbnail

TMJ Daily

ധനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി വയനാട് സഹായം ഉന്നയിച്ചു; ഗവര്‍ണറും പങ്കെടുത്തു

12 Mar 2025   |   1 min Read
TMJ News Desk

ന്ന് രാവിലെ ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ വയനാട് ദുരന്തസഹായവും വിഴിഞ്ഞവും ചര്‍ച്ചയായെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

വയനാട് ദുരന്തത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ മാസം കേന്ദ്രം അനുവദിച്ച വായ്പ വിനിയോഗിക്കുന്നതിനുള്ള അവസാന തിയതി മാര്‍ച്ച് 31 എന്നത് നീട്ടി നല്‍കണമെന്ന് മുഖ്യമന്ത്രി ധനമന്ത്രിയോട് ആവശ്യപ്പെട്ടു. ദുരന്ത സഹായം പൂര്‍ണമായും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനും കേന്ദ്രത്തിന്റെ കൂടുതല്‍ സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം വിഴിഞ്ഞം തുറമുഖത്തിനായി നല്‍കിയ വയബിലിറ്റി ഗ്യാപ് ഫണ്ട് കേന്ദ്രത്തിന് തിരിച്ചു അടയ്ക്കണമെന്ന വ്യവസ്ഥ രാജ്യത്തെ മറ്റ് തുറമുഖങ്ങള്‍ക്കൊന്നും ബാധകമല്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമ്മതിച്ചിരുന്നു.

ഉപാധികളില്ലാതെ കടമെടുപ്പ് പരിധി മൂന്നര ശതമാനമായി ഉയര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടു. കേരളം ഇത്രയും കാലം ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കുന്നത് മുഖ്യമന്ത്രി ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് ധനമന്ത്രി പറഞ്ഞു.





 

#Daily
Leave a comment