TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONSs

TMJ Daily

മത്തിയുടെ ജനിതകരഹസ്യം കണ്ടെത്തി മറൈൻ ഫിഷറീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

07 Sep 2023   |   1 min Read
TMJ News Desk

ത്തിയുടെ ജനിതകരഹസ്യം കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സെൻട്രൽ മറൈൻ ഫിഷറീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ). ഇന്ത്യയിൽ ആദ്യമായാണ് ഒരു കടൽ മത്സ്യത്തിന്റെ ജനിതകഘടന കണ്ടെത്തുന്നത്. മത്തിയുടെ പൂർണമായ ജീവശാസ്ത്രം, പരിണാമം എന്നിവ ഈ കണ്ടെത്തലിലൂടെ മനസിലാക്കാനാകും. സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞ ഡോ.സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ് കണ്ടെത്തലിന് പിന്നിൽ. ഇന്ത്യൻ സമുദ്രമത്സ്യ ഗവേഷണ മേഖലയിലെ നാഴികക്കല്ലാണിതെന്ന്  സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എ ഗോപാലകൃഷ്ണൻ പറഞ്ഞു.

കാലാവസ്ഥാപഠനമുൾപ്പടെയുള്ള ഗവേഷണങ്ങൾക്ക് സഹായകരം

കാലാവസ്ഥാവ്യതിയാനം എങ്ങനെയെല്ലാം സമുദ്രസമ്പത്തിനെ ബാധിക്കുമെന്ന് മനസിലാക്കാൻ ജനിതകരഹസ്യത്തിന്റെ കണ്ടെത്തലിലൂടെ സാധിക്കും. മാത്രമല്ല മത്തിയുടെ ഉറവിടസ്ഥലം തിരിച്ചറിയാനും ജനിതക വിവരങ്ങൾ സഹായകരമാകും. കടലിലെ ഏതൊക്കെതരം പ്രത്യേകതകൾ മത്തിയെ സ്വാധീനിക്കുമെന്ന് തിരിച്ചറിയുന്നതിലൂടെ കടലിലെ മത്തിയുടെ ഏറ്റക്കുറച്ചിലുകളുടെ കാരണങ്ങളും കണ്ടെത്താനാകും. കാലാവസ്ഥാവ്യതിയാനത്തെ തുടർന്ന് കടലിൽ ഉണ്ടാകുന്ന മാറ്റങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന മത്സ്യമാണ് മത്തി.

പോഷകസമൃദ്ധമായ മത്സ്യം  

മനുഷ്യരുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന മത്തിയുടെ ഫലപ്രദമായ പരിപാലനത്തിന് ഈ കണ്ടെത്തൽ സഹായകരമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. മത്തിയിലടങ്ങിയിട്ടുള്ള ഒമേഗ 3 ഉൾപ്പെടെയുള്ള പോഷകഘടകങ്ങളുടെ ജനിതകസ്വഭാവവും കണ്ടെത്തിയതിനാൽ പോഷകസമൃദ്ധമായ ഭക്ഷ്യപൂരകങ്ങളുടെ നിർമാണ സാധ്യതകളിലേക്കും ഈ നേട്ടം വഴിവച്ചേക്കും. ഇന്ത്യയിലെ മൊത്തം കടൽ വ്യവസായത്തിലേക്ക് ഏകദേശം 10 ശതമാനം സംഭാവന ചെയ്യുന്ന, സമുദ്ര ആവാസവ്യവസ്ഥയിലെ പ്രധാനപ്പെട്ട മത്സ്യമാണ് മത്തി. ജനിതക അന്വേഷണത്തിൽ മത്തിയുടെ രണ്ട് പ്രധാന വംശത്തെ ഇന്ത്യൻ കടലിലും ഒമാനിലും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.


#Daily
Leave a comment