
സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്: എതിര്‍ കക്ഷികളെ കേള്‍ക്കണമെന്ന് ഹൈക്കോടതി
സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ തുടങ്ങിയ എല്ലാ എതിര്‍ കക്ഷികള്‍ക്കും പറയാനുള്ളത് കേള്‍ക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയും പറഞ്ഞു. എല്ലാ എതിര്‍ കക്ഷികളോടും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സിഎംആര്‍എല്ലിനെ സഹായിച്ചതിന് പകരമായി വീണയെ മറയാക്കി പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ക്രമക്കേട് സംബന്ധിച്ചുള്ള വിവരമുണ്ടെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. നേരത്തെ കേസ് പരിഗണിച്ചിരുന്ന ഡിവിഷന്‍ ബഞ്ച് ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നവരുടെ പട്ടിക ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സിഎംആര്‍എല്‍ പണം നല്‍കിയ രാഷ്ട്രീയക്കാരുടെ വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇത് മുദ്രവച്ച കവറില്‍ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.
ഈ പട്ടിക ആദായ നികുതി വകുപ്പാണ് സമര്‍പ്പിക്കേണ്ടതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസ് ജൂണ്‍ 17ന് പരിഗണിക്കും.


