കേരള ഹൈക്കോടതി | PHOTO: PTI
സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്: മുഖ്യമന്ത്രിയും മകളുമടക്കം 12 പേര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവ്
സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് അനധികൃതമായി പണം പറ്റിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, മറ്റ് രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി അടക്കം 12 പേര്‍ക്ക് നോട്ടീസ് അയയ്ക്കാനാണ് കോടതിയുടെ നിര്‍ദേശം. എതിര്‍കക്ഷികളെ കേള്‍ക്കാതെ ഹര്‍ജിയില്‍ തീരുമാനം എടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ ബാബുവിന്റെ നടപടി.
കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബു വിജിലന്‍സ് മേധാവിക്ക് നല്‍കിയ പരാതി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. വിജിലന്‍സ് കോടതി ഉത്തരവ് തെറ്റാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് കോടതി കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്നതിന് സാക്ഷിമൊഴികള്‍ ഉള്ള സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നുവെന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയെന്ന പദവിയുടെ തണലിലാണോ പണം വാങ്ങിയതെന്ന് പരിശോധിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. സിഎംആര്‍എല്ലും ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട നികുതി തര്‍ക്കത്തില്‍ ആദായ നികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡ് ഇറക്കിയ ഉത്തരവ് സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ ഗിരീഷ് ബാബു മരിച്ചു. ഇതേത്തുടര്‍ന്നാണ് കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.
വിവാദങ്ങള്‍ക്ക് പിന്നില്‍
വീണ വിജയന് സിഎംആര്‍എല്‍ കമ്പനി പണം നല്‍കിയെന്ന കണ്ടെത്തലാണ് വിവാദങ്ങള്‍ക്ക് കാരണം. വീണ വിജയന് 1.72 കോടി രൂപ ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി നല്‍കിയത് നിയമവിരുദ്ധമാണെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തി. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് വീണയ്ക്ക് പണം നല്‍കിയതായി പറയുന്നത്. കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടറായ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും 2019 ജനുവരി 25 ന് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം റെയ്ഡ് നടത്തിയിരുന്നു.