
കല്‍ക്കരി അഴിമതി കേസ്: തെളിവില്ല, ആറുപേരെ കോടതി വെറുതെവിട്ടു
2012-ലെ കല്‍ക്കരി അഴിമതി ആരോപണ കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി അടക്കം ആറുപേരെ ഡല്‍ഹി കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദമായ കല്‍ക്കരി പാട വിതരണ കേസുകളില്‍ ഒന്നാണിത്. ഒഡീഷയില്‍ രണ്ട് കല്‍ക്കരി പാടങ്ങള്‍ വിതരണം ചെയ്തതില്‍ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ സിബിഐ കേസെടുത്ത് അന്വേഷണം നടത്തിയ കേസിലാണ് പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയത്.
മുന്‍ കേന്ദ്ര കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത, മുതിര്‍ന്ന ഉദ്യോഗസ്ഥരായ കെ. എസ് ക്രോഫ, കെ സി സമരിയ എന്നിവര്‍ അടക്കം ആറുപേര്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞില്ലെന്ന് പ്രത്യേക ജഡ്ജി സഞ്ജയ് ബന്‍സാല്‍ കണ്ടെത്തി. 1988-ലെ അഴിമതി നിരോധന നിയമവും ഇന്ത്യന്‍ പീനല്‍ കോഡും അനുസരിച്ച് ചുമത്തിയിരുന്ന കുറ്റങ്ങളില്‍ നിന്നും ഇവരെ കോടതി മുക്തരാക്കി.
കോടതി വെറുതെ വിട്ടതില്‍ എന്‍പിപിഎല്‍ കമ്പനിയും, അതിന്റെ മാനേജിങ് ഡയറക്ടറായ വൈ ഹരിഷ് ചന്ദ്ര പ്രസാദ്, യെചര്‍മാന്‍ പി ത്രിവിക്രമ പ്രസാദ് എന്നിവരും ഉള്‍പ്പെടുന്നു.
'അപേക്ഷ പൂര്‍ണമാണെന്ന് കണ്ടെത്തുമ്പോള്‍ തന്നെ എന്‍പിപിഎല്‍ യോഗ്യരായ കമ്പനിയാണെന്ന് കണ്ടെത്തുന്നു,' കോടതി പറഞ്ഞു. കമ്പനി തെറ്റായ പ്രതിനിധീകരണവും നടത്തിയിട്ടില്ല. അതിനാല്‍ എന്തെങ്കിലും ഗൂഢാലോചന ഉണ്ടെന്ന ചോദ്യം ഉയരുന്നില്ല. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയും ചെയ്തുവെന്ന് കോടിതി പറഞ്ഞു.