PHOTO: PTI
കല്‍ക്കരി ഇറക്കുമതി; അദാനി കൊള്ളയടിച്ചത് കോടികളെന്ന് രാഹുല്‍ ഗാന്ധി
കല്ക്കരിവിലയില് കൃത്രിമം കാണിച്ച് അദാനി കോടികള്‍ തട്ടിയെടുത്തു എന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി. ഇന്തോനേഷ്യയില്‍ നിന്നുള്ള കല്‍ക്കരി ഇന്ത്യയില്‍ ഇരട്ടി വിലയ്ക്ക് വില്‍ക്കുന്നു എന്നും അതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നുമാണ് രാഹുലിന്റെ ആരോപണം.
പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുന്നു
അദാനിയേയും കേന്ദ്ര സര്‍ക്കാരിനേയും രൂക്ഷമായാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. ഇന്തോനേഷ്യയില്‍ നിന്നുള്ള കല്‍ക്കരി ഇരട്ടി വിലക്കാണ് അദാനി ഇന്ത്യയില്‍ വില്‍ക്കുന്നത്. വൈദ്യുതി ചാര്‍ജ് വര്‍ധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു. പ്രധാനമന്ത്രി എപ്പോഴത്തേയും പോലെ അദാനിയെ സംരക്ഷിക്കുകയാണ്. സര്‍ക്കാര്‍ അദാനിക്ക് ബ്ലാക്ക് ചെക്ക് നല്‍കിയിയിട്ടുണ്ട്. അദാനിക്കെതിരെ ഒരന്വേഷണവും നടത്തുന്നില്ല. ഇത് ഇന്ത്യന്‍ പ്രധാനമന്ത്രി സംരക്ഷിക്കുന്ന വ്യക്തി നടത്തുന്ന മോഷണമാണ്. ഇത്രയധികം ആരോപണങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒരു ചോദ്യം പോലും ചോദിക്കുന്നില്ല എന്ന് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അദാനിയെ ലക്ഷ്യം വെക്കുന്നു: നിഷികാന്ത് ദുബ്ബെ
അദാനിയെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ വീണ്ടും ഉയര്‍ന്നു വരികയാണ്. അദാനിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ലക്ഷ്യം വെച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് തൃണമൂല്‍ എംപി മഹുവ മോയ്ത്ര കൈക്കൂലി വാങ്ങിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബ്ബെയാണ് ആരോപണം ഉന്നയിച്ചത്. വിഷയത്തില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് നിഷികാന്ത് സ്പീക്കര്‍ക്ക് കത്തു നല്‍കുകയും ചെയ്തു.
ദര്‍ശന്‍ ഹിരാനന്ദാനി എന്ന വ്യവസായിയില്‍ നിന്നും പണം വാങ്ങിയെന്നാണ് ആരോപണം. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ മഹുവയുടെ നേതൃത്വത്തില്‍ തടസപ്പെടുത്തുന്നത് പതിവാണ്, 50 ലധികം ചോദ്യങ്ങള്‍ അദാനിക്കെതിരെ മാത്രം സഭയില്‍ മഹുവ ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നില്ല. തുടങ്ങിയ കാര്യങ്ങളാണ് സ്പീക്കര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞിട്ടുള്ളത്.